By Veena Viswan.18 01 2021
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി വിഷയത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് റാലിക്കെതിരായ ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി.
ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹി പൊലീസാണെന്നും കോടതി വ്യക്തമാക്കി. ട്രാക്ടര്‍ റാലിയോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ പ്രതിഷേധങ്ങള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡല്‍ഹി പൊലീസ് വഴി കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. നഗരത്തില്‍ പ്രവേശിക്കാന്‍ ആരെയൊക്കെ അനുവദിക്കണം, എത്ര പേരെ പ്രവേശിക്കാന്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹി പോലീസാണെന്ന് കോടതി വ്യക്തമാക്കി.