ഐ.എം.എയും കലാകൗമുദി ദിനപത്രവും കൈകോര്‍ക്കുന്ന 'വാത്സല്യം' പദ്ധതിക്ക് തുടക്കമായി

By Anju N P.16 12 2018

imran-azhar
ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേമം ശാഖയും സ്‌നേഹിതാ വിമെന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷനും കലാകൗമുദി ദിനപത്രവും കൈകോര്‍ക്കുന്ന 'വാത്സല്യം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രൊജക്ട് അവതരണം ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍  ഡോ.ശ്രീധര്‍ ഐ.ബി നിര്‍വഹിച്ചു. 
 
 
ക്യാന്‍സര്‍ ഭയപ്പെടുത്തുന്ന പ്രതിവിധി ഇല്ലാത്ത രോഗമല്ല, കൃത്യസമയത്ത് കണ്ടെത്താന്‍ കഴിഞ്ഞാല്‍ മറ്റേതൊരു രോഗത്തെപ്പോലെയും ചികിത്സിക്കാന്‍ കഴിയുന്ന ഒന്നാണിതെന്നും വാത്സല്യം പദ്ധതിയുടെ പ്രൊജക്ട് ഉദ്ഘാടനം നിര്‍വഹിക്കവേ അഡ്വ ഐ.ബി സതീഷ് എം.എല്‍ എ പറഞ്ഞു. ഐ.എം.എ യോടൊപ്പം കൈകോര്‍ത്തിരിക്കുന്നത് കലാകൗമുദി കുടുംബമാണ്. കഴിഞ്ഞ രണ്ടുമാസമായി കലാകൗമുദി കുടുംബവുമായി ഒത്തു ചേരുന്ന പരിപാടിയാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നേമം ശാഖ ആരംഭിക്കാന്‍ പോകുന്ന ഈ വലിയ യജ്ഞത്തിന് തുടക്കം കുറിക്കുന്നത് ബഹുമാനപ്പെട്ട കസ്തൂരിഭായിയമ്മയുടെ സാന്നിധ്യത്തിലായത് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
മലയിന്‍ കീഴ് ഇരട്ടകലുങ്കൽ  ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന ഗോരനിര്‍ണയ ക്യാമ്പ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ചന്ദ്രനായര്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് മാനേജര്‍ ജി.എസ് ജിജു ചടങ്ങിന് സ്വാഗതം അര്‍പ്പിച്ചു. ഐ.എം.എ നേമം ശാഖ പ്രസിഡന്റ്  ഡോ . വി. മോഹനന്‍നായര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലാകൗമുദി ഡയറക്ടര്‍ ഡോ. കസ്തൂരിഭായിയെ നിംസ് ആശുപത്രി സര്‍ജന്‍ ഡോ. ഇന്ദിര അമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ സ്‌നേഹിത വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ . റെജി ജോസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.
 
 
ഓരോ സ്ഥലത്തെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ജനകീയ പ്രസ്ഥാനങ്ങളുടേയും സര്‍ക്കാരേതര സംരഭങ്ങളുടേയും സ്ഥാപനങ്ങളുടേയും സഹായ സഹകരണത്തോടെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും ,രോഗനിര്‍ണയ സംരഭങ്ങളും നടപ്പിലാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 
 
 
പി.സി ഹരീഷ് (ജനറല്‍ മാനേജര്‍ കലാകൗമുദി) ,എസ്.ശ്രീകുമാരി (ഗ്രാമപഞ്ചായത്തംഗം) ,എസ്. കൃഷ്ണന്‍കുട്ടി നായര്‍ (രക്ഷാധികാരി ERA) , ഡോ. ബിനോയ് എസ്.ബാബു (സൂപ്രണ്ട്,മലയന്‍കീഴ് താലൂക്കാശുപത്രി) ,ഐ.എം.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍.എസ്. ഡോ രാജു എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു. 
 
 

OTHER SECTIONS