വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന കാര്‍ തെങ്ങിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

By Sooraj Surendran.17 08 2019

imran-azhar

 

 

നെയ്യാറ്റിന്‍കര: വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന കാര്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സഹയാത്രികനും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി തുകില്‍രാജ് (26) ആണ് മരിച്ചത്. ബാലരാമപുരം പനയറക്കോണം കട്ടച്ചക്കുഴി ബിഎം സദനത്തില്‍ ബെന്നിജസ്റ്റിന് (26) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

ഇന്നലെ വെളുപ്പിന് 12.30 ന് കാരക്കോണത്തിനുസമീപം നെട്ടറത്തലയില്‍ വച്ചായിരുന്നു സംഭവം. അവസാന വര്‍ഷ പരീക്ഷ നടക്കുന്നതിനാല്‍ ഇരുവരും കോളജിനു പുറത്ത് ഒരു വീട് വാടകയ്ക്കെടുത്തതായിരുന്നു താമസം. രാത്രിയില്‍ തുകില്‍രാജിന്റെ കാറില്‍ ഇരുവരും ഭക്ഷണം കഴിക്കാന്‍ പോകവേ നിലമാമൂട്ടില്‍ പട്രോളിംഗിലായിരുന്ന പൊലീസ് വാഹനം കണ്ട് തിരികെ മടങ്ങവേ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തെങ്ങുമരത്തിലിടിച്ചായിരുന്നു അപകടം.

 

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ വെള്ളറട പൊലീസ് ഇരുവരെയും ജീപ്പില്‍ കയറ്റി ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും തുകില്‍രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിലമാമൂട്ടില്‍ പട്രോളിംഗിലായിരിക്കെ ഒരു കാര്‍ കുറച്ചകലെ വച്ച് മടങ്ങിപ്പോകുന്നുതായി കണ്ടതായും മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് അപകടം
നടന്നതായി വിവരം ലഭിച്ചതെന്നും വെള്ളറട പൊലീസ് പറഞ്ഞു. ഇന്നലെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തുകില്‍രാജിന്റെ മൃതദേഹം ഉച്ചകഴിഞ്ഞു ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊല്ലത്തെ വീട്ടിലെത്തിച്ചു. കൊല്ലം വടക്കുംഭാഗം മഞ്ചരിയില്‍ ഡോ. ജയരാജിന്റെയും കൊട്ടറ ശങ്കരമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക മഞ്ചുവിന്റെയും ഏകമകനാണ് തുകില്‍ രാജ്.

 

രാത്രി 8.30 തുകില്‍ രാജിന്റെ പിതാവ് അബുദാബിയില്‍ നിന്നും എത്തിയ ശേഷം രാത്രി ഒമ്പതുമണിയോടെ കൊല്ലം എസ്.എന്‍.കോളേജിന് സമീപമുള്ള പൂളായ്‌ത്തോട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കൊല്ലം പറവൂര്‍ സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനായ ജസ്റ്റിന്‍ ഗമാലിയേലിന്റെ രണ്ടുമക്കളില്‍ മൂത്തയാളാണ് പരിക്കേറ്റ ബെന്നി ജസ്റ്റിന്‍

OTHER SECTIONS