ചിദംബരത്തിന്റെ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി

By mathew.21 08 2019

imran-azhar

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പി. ചിദംബരത്തിന്റെ ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുത്തേക്കില്ലെന്ന് സൂചന. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിടുകയായിരുന്നു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വരുന്നത് വരെ അറസ്റ്റ് ചെയ്യുന്നതില്‍ പരിരക്ഷ നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ ജസ്റ്റിസ് രമണ തയ്യാറായില്ല.

കള്ളപ്പണം വെളുപ്പിച്ചതിന്റെ ആഴം വെളിവാക്കുന്ന വലിയ കേസാണ് ഇതെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, അടിയന്തരമായി ഇടക്കാല ആശ്വാസം വേണമെന്നും അദ്ദേഹത്തിന്റെ പൂര്‍വകാലം കുറ്റമറ്റ രീതിയിലുള്ളതാണെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കബില്‍ സിബലടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസിന്റെ അടിയന്തര പരിഗണനയ്ക്കായി വിടുകയാണെന്നും ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു.

ചിദംബരം ഒളിവില്‍ പോയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മൂന്ന് തവണ സിബിഐ സംഘം ചിദംബരത്തെ തേടി ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തോടൊപ്പമാണ് സിബിഐ ഉദ്യോഗസ്ഥര്‍ ആദ്യം എത്തിയത്. എന്നാല്‍, അദ്ദേഹത്തെ കാണാനായില്ല. തുടര്‍ന്ന് രാത്രിയോടെ വീണ്ടുമെത്തി രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു.

 

 

OTHER SECTIONS