വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു

By mathew.17 08 2019

imran-azhar

 

ശ്രീനഗര്‍: പാകിസ്ഥാന്‍ സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം. ജമ്മു കശ്മീരിലെ രജൗറിയിലാണ് സംഭവം. ഡെറാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് താപ്പ(35)യാണ് മരിച്ചത്.

നൗഷേരാ മേഖലയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് പാകിസ്ഥാന്‍ മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തുന്നുണ്ടെന്ന് സൈനിക വക്താവ് ലെഫ്റ്റണന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു.

പൂഞ്ച് ജില്ലയില്‍ കെ.ജി മേഖലയില്‍ രണ്ട് ദിവസം മുമ്പ് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നത്. പാക് സൈന്യം കശ്മീരിലേക്ക് തീവ്രവാദികളെ കടത്തി വിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.

 

OTHER SECTIONS