പോക്സോ കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

By online desk .09 12 2019

imran-azhar

 

പട്‌ന : ബലാത്സംഗം - പോക്‌സോ ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

 

കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കാര്യങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തെഴുതാന്‍ പോവുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിര്‍ഭാഗ്യകരവും അത്യന്തം അപലപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാത്സംഗ-പോക്‌സോ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തെഴുതുമെന്നും അദ്ദേഹം പട്‌നയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന.

OTHER SECTIONS