പൗരന്മാരുടെ മുഖം തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാര്‍

By online desk.22 09 2019

imran-azhar

 

ന്യൂഡല്‍ഹി: ചൈനിസ് മാതൃകയില്‍ കേന്ദ്രീകൃതമായ മുഖം തിരിച്ചറിയല്‍ സംവിധാനം രാജ്യമെമ്പാടും വികസിപ്പിക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടും . രാജ്യത്തെങും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക.പാസ്പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ഡേറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിക്കും. രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാരിന്റെ നിരീക്ഷണത്തിന്‍ കീഴിലാകുമെന്നതാണ് ഇതിന്റെ ഗുണവും ദോഷവും. അംഗബലം കുറഞ്ഞ ഇന്ത്യയിലെ പൊലീസ് സംവിധാനത്തിനെ ശക്തിപ്പെടുത്താണ് ഈ നീക്കമെന്നാണ് വിശദീകരണം.
കാര്യക്ഷമമായ ഡേറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത ഇന്ത്യയില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത് ആശങ്കകള്‍ക്കിടയാക്കും. ചൈനയിലേതുപോലെ ജനങ്ങളെ മുഴുവന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും പരിമിതികളുണ്ട്. ഡാറ്റകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷിതത്വം സജ്ജമാക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ വര്‍ഷം ചര്‍ച്ചചെയ്ത പുതിയ ഡേറ്റാ സംരക്ഷണ നിയമം ഇതുവരെയും പാര്‍ലമെന്റിലോ മന്ത്രിസഭയുടെയോ പരിഗണനയില്‍ വന്നിട്ടുമില്ല. ലോകത്തിലേതന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായ ആധാര്‍ നടപ്പിലാക്കിയിട്ടും വിവരങ്ങള്‍ ചോരുന്നതിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ നിരന്തരം ഉയരുന്നുമുണ്ട്.
ഈ പ്രതിസന്ധികള്‍ക്കിടയിലേക്കാണ് മുഖം തിരിച്ചറിയാനുള്ള വമ്പന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നത്. പദ്ധതി ഏറ്റെടുത്ത് നടത്താന്‍ ഏത് കമ്പനി മുന്നോട്ടുവരുമെന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങള്‍.
അതേസമയം കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഇത് സഹായിക്കുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ 100ല്‍ അധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. അതിനാല്‍ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചേക്കാം.

 

 

 

OTHER SECTIONS