സ്വവര്‍ഗ വിവാഹത്തില്‍ ഭര്‍ത്താവും ഭാര്യയുമില്ല; ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്കു വിരുദ്ധം; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

By Rajesh Kumar.25 02 2021

imran-azhar

 

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമെന്ന ആവശ്യം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണ് സ്വവര്‍ഗ വിവാഹമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

 

ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

 

വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങള്‍ പാര്‍ലമെന്റ് രൂപപ്പെടുത്തിയിട്ടുള്ളതാണ്. പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങള്‍.

 

ഇതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ് എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് സാധ്യമോ പ്രായോഗികമോ അല്ലെന്നും സര്‍ക്കാര് വ്യക്തമാക്കി. നിരവധി നിയമപരമായ പ്രശ്‌നങ്ങള്‍ ഇതുവഴി ഉടലെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

ഏപ്രിലില്‍ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

 

 

 

 

OTHER SECTIONS