മാതൃകയായി ഒരു ഗ്രാമം!

By online desk.03 02 2020

imran-azhar

 


മരങ്ങള്‍ ഭൂമിയുടെ ശ്വാസകോശമാണെങ്കില്‍, ജലാശയങ്ങള്‍ മണ്ണിന്റെ ഹൃദയാകാശങ്ങളാണ്. ഹൃദയവും ശ്വാസകോശവും ജീവനത്തിന്റെ രണ്ടു മുഖപ്രസാദങ്ങള്‍ ആണല്ലോ. അങ്ങനെയാവുമ്പോള്‍ ഭൂമിയുടെ ശ്വസനപ്രക്രിയയിലും ഹൃദയമിടിപ്പിലും താളഭംഗങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമുക്ക് സമ്മതിക്കേണ്ടതായിവരും. ഇതെല്ലാം നന്നായി അറിഞ്ഞുവച്ചു കൊണ്ടുതന്നെ നാം വികസനത്തിന്റെ വികലമായ അജണ്ടകളിലേയ്ക്കും, ഗൂഢമായ ലക്ഷ്യങ്ങളിലേയ്ക്കും തലച്ചോറിനെ ചെല്ലും ചെലവും കൊടുത്ത് നടത്തിക്കുന്നു. ഒരേ ജലത്തില്‍ നിന്നും ദാഹം ശമിപ്പിച്ച ശേഷം പലേ ജനത്തിനായി നമ്മള്‍ കൊമ്പു കോര്‍ക്കുന്നു!

 

ഇവിടെ ഒരു ശുദ്ധജല'തടാകം' വീണ്ടും അതിന്റെ നാശോന്മുഖമായ പൂര്‍വകാലത്തിലേയ്ക്ക് മടങ്ങിപ്പോകുന്നതു കണ്ട് വെറുതെ വിലപിച്ചിരിക്കാതെ തങ്ങള്‍ക്ക് കഴിയുന്നതുപോലെ ആ ജലസമ്പത്തിനെ വീണ്ടെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍. 28 ഓളം ഏക്കറില്‍ പരന്നുകിടന്ന് ഒരു നാടിന്റെ മൊത്തം ദാഹങ്ങളെ സമര്‍ത്ഥമായി പൂരിതമാക്കുന്നത്, ചെങ്കല്‍ വലിയ കുളമാണ്.

 

ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുമ്പ് അനാഥവും അസംസ്‌കൃതവുമായിക്കിടന്ന ഈ ജലസഞ്ചയത്തെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ വീണ്ടെടുത്തത് വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ് വോളന്റിയര്‍മാരുടേയും, നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും സഹായത്തോടെ ഗാന്ധിമിത്രമണ്ഡലം പ്രവര്‍ത്തകരാണ്. കുളത്തിനു നടുവില്‍ പലയിടങ്ങളിലും പുല്‌മേടുകളും ചതുപ്പും മണ്‍തിട്ടകളും നിറഞ്ഞ് അതിനകമാകെ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളായും മാറിയിരുന്നു. ആ വീണ്ടെടുപ്പിനു ശേഷം ഈ ജീവനസഞ്ചയത്തെ 'ഗാന്ധിതീര്‍ത്ഥം' എന്നു പുനര്‍നാമകരണവും ചെയ്തിരുന്നു.

 

 

എന്നാല്‍, അത്തരം വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചെടുക്കപ്പെട്ടെങ്കിലും അധികൃതരുടെ അശ്രദ്ധയാല്‍ വീണ്ടും വലിയ കുളം അതിന്റെ ഇരുണ്ട കാലത്തിലേയ്ക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, മനുഷ്യത്വം തീരെ വറ്റിപ്പോയിട്ടില്ല. പ്രകൃതിസ്‌നേഹത്തിലുപരി, മനുഷ്യന്റെ നിലനില്‍പ്പില്‍ അങ്ങേയറ്റം ഉത്കണ്ഠാകുലരായ ഒരു കൂട്ടം മനസ്സുകള്‍ വീണ്ടും ഈ കുളക്കരയില്‍ പ്രവര്‍ത്തനനിരതമാവുന്നു. ഒരു കൂട്ടം ഹൃദയാലുക്കള്‍ ഇവിടെ വിവിധതരം ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രകൃതിസ്‌നേഹികളുമായ ഒട്ടേറെപ്പേരും അടങ്ങുന്നതാണ് ദൗത്യസംഘം. ആരുടെ മനുഷ്യ വിഭവശേഷിയും ഈ കഠിനശ്രമത്തില്‍ വിലപ്പെട്ട സംഭാവനയാകും. കാഴ്ചക്കാരായി മാറിനില്‍ക്കുവാനല്ല, നമുക്ക് കണ്ണുകള്‍. ഒരു ചെറു പായല്‍ എടുത്തു കരയ്ക്കിടുന്നതുപോലും ചരിത്രമാവും, ഈ മുഹൂര്‍ത്തത്തില്‍.

 ഈ നാടിന്റെ ഹൃദയം പഴയതുപോലെ ശുദ്ധമാവട്ടെ. കലക്കവെള്ളത്തില്‍ നീന്തിപ്പഠിക്കുന്ന മീന്‍ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ ചെളിയും ചവറും നീറ്റലുണ്ടാക്കാതിരിക്കട്ടെ. ആകാശത്തു വിരുന്നു വരുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് കണ്ണാടി നോക്കുവാന്‍ കഴിയുന്ന തരത്തില്‍ ഈ ജലപ്രവാഹത്തെ തെളിമയുള്ളതാക്കുവാന്‍ നമുക്ക് കഴിയട്ടെ. കോര്‍പ്പറേറ്റുകള്‍ തരുന്ന ആകൃതികളില്‍ മാത്രമല്ലാതെ കുടിവെള്ളത്തിന്റെ പതിപ്പുകള്‍ പ്രത്യാശയോടെ പരക്കട്ടെ. ജലത്തിന്റെ ആകൃതി കുപ്പിവെള്ളത്തിന്റേതാണെന്ന കപടചരിത്രം നമ്മുടെ കുഞ്ഞുങ്ങള്‍ കാണാപ്പാഠം പഠിക്കാതിരിക്കട്ടെ!

 

 

OTHER SECTIONS