ചുമ്മാ ജീവനോടിരിക്കുകയല്ല വേണ്ടത്, അടിച്ചു പൊളിച്ച് ജീവിക്കുകയാണ്

By Web Desk.20 10 2020

imran-azhar

 

 

എജ്ജി കെ ഉമാ മഹേഷ്, അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇതിഹാസമായിരുന്നു. മുന്‍ കാര്‍ റാലി ഡ്രൈവര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി എന്നിങ്ങനെ കാറോട്ടമത്സരങ്ങളുടെ ലോകത്ത് നിറഞ്ഞു നിന്ന എജ്ജി, ഒടുവില്‍ തന്റെ എഴുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിന് തൊട്ടുമുമ്പ് ഇഹലോക വാസം വെടിഞ്ഞു. ഒരു 'സെല്‍ഫ് ഒബിച്വറി' കൊണ്ട് ആ അവസരവും വ്യത്യസ്തമാക്കി എജ്ജി. സ്വയം രചിച്ച ചരമക്കുറിപ്പില്‍ എജ്ജി ഇങ്ങനെ എഴുതി, 'ഈ വില്ലേജ് എര്‍ത്തില്‍, സ്വന്തം ടേംസില്‍, മതരഹിതമായ ഒരു ജീവിതം നയിച്ചുപോന്ന, ജ•നാ സ്ത്രീലോലുപനും വിരമിച്ച ഒരു ഓട്ടപ്പന്തയക്കാരനും ഫുള്‍ ടൈം ഹൗസ് ഹസ്ബന്‍ഡും ഹോം മേക്കറും പാര്‍ട്ടി ഹോസ്റ്റുംസിനിമാ നാടക നടനും കാര്‍ റാലി ഡ്രൈവറും സംഘാടകനും റാഷണലിസ്റ്റും ഹ്യൂമനിസ്റ്റും തികഞ്ഞ നാസ്തികനും ഫ്രീ തിങ്കറും ആയ എജ്ജി കെ ഉമാ മഹേഷ് എന്ന എന്റെ ആഘോഷമൊക്കെ കഴിഞ്ഞു എന്ന് തോന്നുന്നു. ഞാന്‍ പിന്നിലുപേക്ഷിച്ചിട്ട് പോകുന്നവര്‍ക്ക് എന്നെക്കൊണ്ട് ഒരു ഹാങ്ങ് ഓവറും ഉണ്ടാകില്ല എന്ന് കരുതട്ടെ. എത്ര പെട്ടന്നാണ് സമയം കഴിഞ്ഞു പോകുന്നത്..! കാലം കൊഴിഞ്ഞു പോകുന്നത്. ഉള്ള കാലം നന്നായി ജീവിക്കൂ. ജീവിതം ആഘോഷമാക്കൂ. ആഘോഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കൂ' എന്നും കുറിപ്പില്‍ എജ്ജി പറയുന്നു.


ഈ ചരമക്കുറിപ്പില്‍, തന്റെ പ്രിയ സ്‌നേഹിതര്‍ക്കും ആജ• ശത്രുക്കള്‍ക്കും രണ്ടിനും ഇടയില്‍ പെട്ടുപോയവര്‍ക്കും ആയി മറ്റൊരു കുറിപ്പും ഉണ്ടായിരുന്നു. അതില്‍ എജ്ജി തന്റെ ജീവിതത്തിന്റെ ഭാഗമായതിന് അവര്‍ക്കും നന്ദി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം, വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ മരിച്ച എജ്ജിയുടെ ഇച്ഛപ്രകാരം അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടി വിട്ടുകൊടുത്തു എന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. പത്രത്തില്‍ അച്ചടിച്ചു വന്ന സെല്‍ഫ് ഒബിച്വറിക്ക് പുറമെ ഫേസ്ബുക്കിലെ തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി എജ്ജി രണ്ടാമതൊരു വിടവാങ്ങല്‍ കുറിപ്പുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതില്‍ അവനവനെ ഒരു വണ്ടിയോടുപമിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതുന്നു, 'ബ്രേക്ക് ഡൗണ്‍ ആയി കട്ടപ്പുറത്ത് കയറേണ്ടി വന്ന എന്റെ വണ്ടി, ഇന്ത്യയിലെ പ്രഗത്ഭ മേസ്തിരിമാര്‍ അവരുടെ മിടുക്കും മികച്ച ടൂള്‍സും ഒക്കെ പ്രയോഗിച്ച് ഒന്നിച്ചു പ്രയത്‌നിച്ചിട്ടും തിരിച്ച് സ്റ്റാര്‍ട്ടാക്കാന്‍ പറ്റാതെ കണ്ടം ചെയ്യേണ്ട ദുരവസ്ഥ വന്നിരിക്കയാണ് എന്ന സങ്കടവിവരം പ്രിയ സ്‌നേഹിതരെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എഞ്ചിന്‍ ഗ്യാസ്‌ക്കറ്റ് ലീക്കായി, ഹൗസിംഗ് ക്രാക്കായി, പിസ്റ്റന്‍സ് ഒക്കെ സീസായിപ്പോയിരിക്കുന്ന ഈ പാട്ടവണ്ടി ഇനി ആക്രിക്ക് കൊടുക്കുകയെ നിവൃത്തിയുള്ളൂ. കുറച്ച് പാര്‍ട്‌സ് ഒക്കെ ഭാഗ്യത്തിന് നല്ല കണ്ടീഷനില്‍ ഉണ്ട്. എന്നെപ്പോലെ വിന്റേജ് വണ്ടിയും വച്ചിരിക്കുന്ന വേറെ ഏതെങ്കിലും വയസ്സന്മാർ ഉണ്ടെങ്കില്‍ അവര്‍ക്ക് അതൊക്കെ അഴിച്ചെടുത്ത് സ്വന്തം വണ്ടിയില്‍ ഫിറ്റു ചെയ്യാവുന്നതാണ്.


ലോകത്തിലെ ഏറ്റവും തല്ലിപ്പൊളി റോഡുകളിലൂടെ കുണ്ടും കുഴിയും കുന്നും കുളവും ഒക്കെ താണ്ടി ഞാന്‍ ഈ പഴഞ്ചന്‍ വണ്ടി ഓടിച്ചത് 72 വര്‍ഷക്കാലമാണ്. ഒരു വിധത്തില്‍ പെട്ട എല്ലാ എണ്ണയും ഞാന്‍ ഇതില്‍ അടിച്ചിട്ടുണ്ട്. മുന്‍ പിന്‍ നോക്കാതെ പലതും മിക്‌സ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ചുട്ടുപഴുത്ത മരുഭൂമികളിലും ഗോട്ടി ഉറഞ്ഞു പോകുന്ന മഞ്ഞുമലകളിലും പണിതരാതെ ഓടിയിട്ടുള്ളതാണ് ഈ വണ്ടി. ആ നിലയ്ക്ക് ഇത് എന്നുമെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെട്ടേക്കാം. എല്ലാവര്‍ക്കും നന്ദി. ഈ വിന്റേജ് വെഹിക്കിള്‍ ആക്രിക്ക് കൊടുക്കുന്നതിനെപ്പറ്റിയുള്ള ഒരു ഒഫീഷ്യല്‍ അറിയിപ്പ് താമസിയാതെ പത്രത്തിലൂടെ എല്ലാവരെയും തേടിയെത്തുന്നതാണ്. ' തന്റെ ജീവിതത്തിന്റെ തന്നെ വിടപറച്ചില്‍ എന്നമട്ടില്‍, ഈ കുറിപ്പില്‍ എജ്ജി ജോണ്‍ ലെനന്റെ സുപ്രസിദ്ധമായ വരികളും ഉദ്ധരിക്കുന്നുണ്ട്. ' ജോണ്‍ ലെനന്‍ പറഞ്ഞത് നമ്മള്‍ മറ്റുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനിടെ സംഭവിക്കുന്നതെന്തോ അതാണ് ജീവിതം എന്നാണ്. ചിയേര്‍സ്... ആന്‍ഡ് ബൈ ബൈ ഫോര്‍ എവര്‍. ചുമ്മാ ജീവനോടിരിക്കുകയല്ല വേണ്ടത്, അടിച്ചു പൊളിച്ച് ജീവിക്കുകയാണ്. എജ്ജി എഴുതി അവസാനിപ്പച്ച് മടങ്ങി.

 

OTHER SECTIONS