അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഐ.ടി. ജീവനക്കാരന്‍ മുംബൈയില്‍ പിടിയിലായി

By Anju N P.07 Dec, 2017

imran-azhar

 

 

ചെന്നൈ: അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഐ.ടി. ജീവനക്കാരന്‍ മുംബൈയില്‍ അറസ്റ്റിലായി. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ആഭരണങ്ങളുമായി ഒളിവില്‍പ്പോയത്.

 

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി 25 പവനോളം വരുന്ന ആഭരണങ്ങളുമായി കടന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

 

മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദഷ്വന്ത് പിടിയിലായത്. തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിലെ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരിയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതായിരുന്നു.

 

loading...