തിരിച്ചുവരവ് ഗംഭീരമാക്കി ധോണി; ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റുകൾക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്. അമ്പാട്ടി റായ്ഡു 48 പന്തിൽ 71, ഫാഫ് ഡുപ്ലെസിസ് 44 പന്തിൽ 58 എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് ചെന്നൈയ്ക്ക് തുണയായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ അഞ്ച് റൺസുള്ളപ്പോൾ ഷെയ്ൻ വാട്സനും (അഞ്ച് പന്തിൽ നാല്), ആറു റൺസുള്ളപ്പോൾ മുരളി വിജയും (ഏഴു പന്തിൽ ഒന്ന്) മടങ്ങി. മൂന്നാം വിക്കറ്റിൽ 14 ഓവർ ക്രീസിൽനിന്ന അമ്പാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയർത്തിയത് 115 റൺസാണ്.

 

മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷയ്‌ക്കൊത്തുയരാനാകാത്തതാണ് മുംബൈക്ക് തിരിച്ചടിയായത്. 20 പന്തിൽ 33 റൺസുമായി ക്വിന്റൺ ഡി കോക്ക്, 31 പന്തിൽ 42 റൺസുമായി സൗരവ് തിവാരി എന്നിവരുടെ പ്രകടനങ്ങളാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ 12, സൂര്യകുമാർ യാദവ് 17, ഹാർദിക് പാണ്ഡ്യ 14, പൊള്ളാർഡ് 18, ക്രുണാൽ പാണ്ഡ്യ 3, എന്നിവർ നിരാശപ്പെടുത്തി.

 

ചെന്നൈക്കായി ലുങ്കി എങ്കിടി 3 വിക്കറ്റും, ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും, സാം ഖുറാൻ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എങ്കിടി 4 ഓവറിൽ 38 റൺസ് വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്. ബൗണ്ടറി ലൈനിൽ ഫാഫ് ഡുപ്ലെസി എടുത്ത തകർപ്പൻ ക്യാച്ചുകളാണ് മുംബൈക്ക് തിരിച്ചടിയായത്.

 

 

OTHER SECTIONS