മോദി സ്തുതി: തരൂരിനെ വിമര്‍ശിച്ച് ചെന്നിത്തല

By Neha C N.25 08 2019

imran-azhar

 


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ച ജയറാം രമേശിനെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍മറച്ചുവെക്കാനാവില്ല. മോദിക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 


ആയിരം തെറ്റുകള്‍ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ അസ്വീകാര്യമായവയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം നിലപാടുകളെ പര്‍വതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണ് താന്‍. ജയ്റാം രമേശും അഭിഷേക് മനു സിംഗ്‌വിയും പറഞ്ഞത് തെറ്റല്ല. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.