വലിച്ചെറിയലിനെ വലിച്ചെറിയൂ

By online desk.23 09 2019

imran-azhar

 

 ശുചിത്വ സന്ദേശം പകര്‍ന്ന് പാട്ടും നൃത്തവും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി അവരെത്തി. കാണികളെ മുഴുവന്‍ കയ്യിലെടുത്ത് കാന്‍സാന്‍ കുട്ടികള്‍ വേദികളില്‍ നിന്ന്് വേദികളിലേക്ക്. നാടകം കഴിയുമ്പോള്‍ കയ്യടിയും ഒപ്പം കൈനിറയെ സമ്മാനങ്ങളും. കുട്ടികള്‍ക്ക് സ്‌നേഹ ചുംബനം നല്‍കി അമ്മമാരും അമ്മൂമ്മമാരും. കുഞ്ഞുകുഞ്ഞുചോദ്യങ്ങളുയര്‍ത്തി അവര്‍ ഒരു വലിയ സന്ദേശമാണ് അവര്‍ നല്‍കുന്നത്. ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 5 വരെ നീളുന്നതാണ് കാന്‍സാന്‍. ആലപ്പുഴയുടെ ജീവനാഡികളായ കനാലുകളുടെ സംരക്ഷണമാണ് ക്യാമ്പയിന്റെ ലക്ഷ്യം. സെപ്തംബര്‍ 13 നാണ് ക്യാമ്പയിന്‍ തുടങ്ങിയത്.

കാന്‍സാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള കുട്ടികളുടെ കലാജാഥയാണ് നഗരത്തിന്റെ മനംകവര്‍ന്ന് മുന്നേറുന്നത്. നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കലാസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. നാടകസംഘത്തില്‍ 28 കുട്ടികളാണുള്ളത്. മനോജ് നാരായണനാണ് നാടകത്തിന്റെ സംവിധായകന്‍. കോഴിക്കോട് അബൂബക്കറാണ് നാടകത്തിന്റെ രചന. കഥ പറച്ചിലും പാട്ടും നൃത്തവുമൊക്കെയായി പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്ന കാക്കാരശ്ശി നാടകത്തിന്റെ ശൈലിയിലാണ് നാടകം. ആലപ്പുഴ നഗരത്തിലെ തോടുകള്‍, ഒരുകാലത്ത് വാണിജ്യാവശ്യത്തിനായി നിര്‍മിക്കപ്പെട്ടവയാണ്. പിന്നീട് മാലിന്യങ്ങള്‍ വലിച്ചെറിയാനും ഓടകള്‍ തുറന്നുവിടാനുമുള്ള ഇടമായി ആലപ്പുഴയുടെ ചരിത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഈ തോടുകള്‍ മാറി. തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. അവയെ തിരിച്ചുപിടിക്കണം. നാടകത്തിലൂടെ ഈ സന്ദേശമാണ് കുട്ടികള്‍ നല്‍കുന്നത്. മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുന്നതിനെപ്പറ്റിയും നാടകം ബോധവത്കരിക്കുന്നുണ്ട്. 'തോട് ഓടയല്ല, വലിച്ചെറിയലിനെ വലിച്ചെറിയണം കൂട്ടുകാരേ...' എന്ന സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്. 25 മിനിട്ടാണ് നാടകത്തിന്റെ ദൈര്‍ഘ്യം.

പത്തു ദിവസത്തെ ഓണാവധിക്കാലത്താണ് നാടകപരിശീലനം നടന്നത്. നാലു ദിവസം പരിശീലനത്തിനായി ചെലവഴിച്ചപ്പോള്‍ തിരുവോണം, അവിട്ടം നാളുകളില്‍ കുട്ടികള്‍ക്ക് അവധി നല്‍കി. ബാക്കിയുള്ള നാലു ദിവസം നഗരത്തിലെ വിവിധ ഇടങ്ങളില്‍ നാടകം അവതരിപ്പിച്ചു. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, കവലകള്‍ എന്നിവിടങ്ങളായിരുന്നു നാടകത്തിന്റെ വേദികള്‍. ഒക്ടോബര്‍ 5 വരെ ഞായറാഴ്ചകളില്‍ നാടകം അവതരിപ്പിക്കാനാണ് തീരുമാനം. അധ്യയന ദിവസങ്ങളില്‍ നഗരത്തിലെ വിവിധ സ്‌കൂളുകളിലും നാടകം അരങ്ങേറും.

കാന്‍സാന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ 32 സ്‌കൂളുകളിലും ശുചിത്വ ക്വിസ് മത്സരം നടത്തി. കുട്ടികള്‍ വീടുകള്‍ തോറും ശുചിത്വപ്രതിജ്ഞയുമായി എത്തും. 5000 വിദ്യാര്‍ത്ഥികളുടെ സംഘം ആലപിക്കുന്ന ശുചിത്വഗാനവും കാന്‍സാന്‍ ക്യാമ്പയിന്റെ സമാപന ദിവസം അരങ്ങേറും.

 

 

OTHER SECTIONS