ഇന്ത്യ വിയറ്റ്‌നാമിന് മിസൈലുകള്‍ നല്‍കിയാല്‍ വെറുതെ ഇരിക്കില്ല: ചൈന

By Shyma Mohan.11 Jan, 2017

imran-azhar

   
    ബീജിംഗ്: വിയറ്റ്‌നാമിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈലുകള്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ആകാശ് മിസൈല്‍ സംവിധാനത്തിലൂടെ രാജ്യത്തിനകത്തേക്ക് വരുന്ന ഏതൊരു ശത്രു വിമാനത്തെയും 25 കിലോമീറ്ററിനപ്പുറം കണ്ടെത്തുവാനും പ്രതിരോധിക്കാനും ശേഷിയുണ്ട്. വിയറ്റ്‌നാമുമായുള്ള സൈനിക ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ബീജിംഗിനെതിരെയുള്ള ഏതൊരു നീക്കവും മേഖലയില്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നും അതുകൊണ്ടുതന്നെ ചൈനക്ക് വെറുതെയിരിക്കാനാവില്ലെന്നുമാണ് ചൈനയുടെ നിലപാട്. 2016 സെപ്തംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിയറ്റ്‌നാം സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്രമായ പങ്കാളിത്തത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും വരുണാസ്ത്ര ആന്റി സബ്മറൈന്‍ ടോര്‍പിഡോകളും നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങള്‍ പറത്തുവാന്‍ വിയറ്റ്‌നാം പട്ടാളക്കാര്‍ക്ക് പരിശീലനം നല്‍കാനും ഇന്ത്യ തയ്യാറെടുക്കുകയാണ്. കൂടാതെ മുങ്ങിക്കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും ഇന്ത്യ നല്‍കുമെന്ന് അറിയിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യക്കെതിരെ ചൈനീസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  

OTHER SECTIONS