തായ്‌വാനെ വേര്‍പ്പെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ചൈന

By mathew.15 07 2019

imran-azhar


ഹോങ്കോങ്: തായ്വാന്‍ തുറമുഖ മേഖലയില്‍ സൈനിക അഭ്യാസം നടത്തി ചൈന. യുഎസ് കമ്പനികള്‍ തായ്വാന് ആയുധങ്ങള്‍ കൈമാറിയതിനു പിന്നാലെയാണ് ഇത്. തായ്വാന്റെ തെക്ക്-കിഴക്ക് പ്രദേശത്ത് ചൈനീസ് നാവിക, വ്യോമസേനകള്‍ സംയുക്തമായാണ് അഭ്യാസം നടത്തിയതെന്നു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാര്‍ഷിക പദ്ധതികള്‍ അനുസരിച്ച് നടന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നും പിഎല്‍എ പറഞ്ഞു. ദക്ഷിണ ചൈന കടലില്‍ സ്വയംഭരണം ആവശ്യപ്പെടുന്ന തായ്‌വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മില്‍ തര്‍ക്കമുണ്ട്. തായ്‌വാന്‍ (ചൈനീസ് തായ്‌പേയ്) തങ്ങളുടെ അധീനതയിലുള്ള പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം.


തായ്വാന് ആയുധങ്ങള്‍ വിറ്റ യുഎസ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഈ മാസം എട്ടിനാണ് 108എം1എ2ടി അബ്രാം ടാങ്കുകളും സ്റ്റിങ്ങര്‍ മിസൈലുകളും ഉള്‍പ്പെടെ 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ തായ്വാന് നല്‍കാന്‍ യുഎസ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍, രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, ആയുധങ്ങള്‍ കൈമാറുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി ഗെങ് ഷുവാങ് പറഞ്ഞു. തായ്വാനെ ചൈനയില്‍ നിന്നു വേര്‍പെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് യുഎസിലെ ചൈനീസ് അംബാസിഡര്‍ കുയ് ടിയാന്‍ക്യും പ്രതികരിച്ചു.


ദക്ഷിണ ചൈന കടലും തായ്വാനുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നത്തില്‍ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി യുദ്ധം നടത്തിയാല്‍ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന തായ്വാനില്‍ ഇടപെടല്‍ നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബലംപ്രയോഗിക്കേണ്ടി വരുമെന്നും അവസാനം വരെ പൊരുതുമെന്നും ചൈന പറഞ്ഞു.

 

OTHER SECTIONS