ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ചൈന; ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക പരേഡിനൊരുക്കം

By mathew.30 08 2019

imran-azhar

 

ബെയ്ജിങ്: ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങി ചൈന. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാകും പരേഡ്. ടിയനന്‍മെന്‍ ചത്വരത്തില്‍ ഒക്ടോബര്‍ ഒന്നിനാകും പരേഡ് നടത്തുക. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ചൈനയുടെ സൈനിക ശക്തി പ്രകടിപ്പിക്കാനാണ് ഇത്ര വലിയ പരേഡിന് ചൈന തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഷി ചിന്‍പിങ് പരേഡിനെ അഭിസംബോധന ചെയ്യും.


ദേശസുരക്ഷയും സൈനിക ശക്തിയും വര്‍ധിപ്പിക്കുന്നതില്‍ ചൈന കൈവരിച്ച നേട്ടം പരേഡില്‍ പ്രതിഫലിക്കും. ഏതാനും അത്യാധുനിക ആയുധങ്ങള്‍ ആദ്യമായി പരേഡില്‍ പ്രദര്‍ശിപ്പിക്കും. ആണവ മിസൈലുകള്‍ കൂടാതെ ഡിഎഫ് - 41 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, മുങ്ങിക്കപ്പലില്‍ നിന്നു തൊടുക്കാവുന്ന ജെ - 2 ബാലിസ്റ്റിക് മിസൈലുകള്‍, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെല്‍ത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ- 20 പോര്‍വിമാനങ്ങള്‍ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


ആണവ മിസൈലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സൈനിക ശേഷിയും ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാനുള്ള മികവും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

OTHER SECTIONS