ആയോധനകലാ പരിശീലകരുമായി ചൈന; ഘാതക് കമാന്‍ഡോകളുമായി ഇന്ത്യ

By online desk .01 07 2020

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (പി.എല്‍.എ.) സൈനികരെയും ഓഫീസര്‍മാരെയും ചൈന ആയോധനകല അഭ്യസിപ്പിക്കുന്നു. ഇതിനായി ഇരുപതോളം പരിശീലകരെ ടിബറ്റന്‍ സൈനിക താവളത്തിലെത്തിച്ചതായാണ് വിവരം. ഇവരെ പ്രതിരോധിക്കാന്‍ പ്രത്യേക പരിശീലനം നേടിയ 'ഘാതക് കമാന്‍ഡോ'കളെ ഇന്ത്യ ഗാല്‍വന്‍ മേഖലയില്‍ കൂടുതലായി വിന്യസിച്ചു.

 

കര്‍ണാടകത്തിലെ ബെലഗാവിയില്‍ ആറാഴ്ച പ്രത്യേക പരിശീലനം നേടിയവരാണ് 'ഘാതക്' കമാന്‍ഡോകള്‍. കൊലയാളികളെന്നും മരണകാരികളെന്നും അറിയപ്പെടുന്ന ഇവര്‍ക്ക് 35 കിലോഗ്രാം വരെ ഭാരം ചുമന്ന് 40 കിലോമീറ്റര്‍ ദൂരം നിര്‍ത്താതെ ഓടാനുള്‍പ്പെടെ പരിശീലനം ലഭിച്ചിട്ടുണ്ട്. ബിഹാര്‍, ഡോഗ്ര റജിമെന്റുകളില്‍ നിന്നുള്ളവര്‍ ഘാതക് കമാന്‍ഡോകളിലുണ്ട്. ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധമുറകള്‍ക്കൊപ്പം ഇവര്‍ക്ക് കായികപോരാട്ടത്തിലും പരിശീലനം നല്‍കും. ഹെലികോപ്റ്റര്‍ ആക്രമണം, മലനിരകളിലെ യുദ്ധം, പാറക്കെട്ടുകളിലൂടെയുള്ള കയറ്റം, അടുത്തുനിന്നുള്ള വെടിവയ്പ് എന്നിവയില്‍ വിദഗ്ദ്ധരാണ് ഇവര്‍.


ഒരു ഘാതക് പ്ലാറ്റൂണില്‍ 20 പോരാളികളാണുണ്ടാവുക. ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍, ഗണ്ണേഴ്‌സ് എന്നിവരും ആക്രമണസൈനികരുമടങ്ങുന്നതാണിവര്‍. പുറത്തുതൂക്കുന്ന ബാഗില്‍ കയര്‍, പാറക്കെട്ടുകള്‍ കയറാനും രാത്രികാഴ്ചയ്ക്കുമുള്ള ഉപകരണങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഗ്രനേഡ് അടക്കമുള്ളവയുമായാണ് സഞ്ചാരം. ഉറി ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിലും കാര്‍ഗില്‍ യുദ്ധ കാലത്തുമുള്‍പ്പെടെ ഇവരുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്.

 

 

OTHER SECTIONS