പാകിസ്ഥാന് ചൈന അഞ്ചു ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ നൽകും

By Meghina.21 01 2021

imran-azhar


ചൈന പാകിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി.

 

ചൈനീസ് പ്രതിനിധി വാങ് യിമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ഖുറേഷി തന്നെയാണ് ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ടത്.

 

ജനുവരി 31 നകം ചൈനയില്‍ നിന്നുള്ള വാക്‌സിന്‍ പാകിസ്താനിലെത്തും.

 

ചൈനയുടെ സിനോഫാം വാക്‌സിനാണ് പാകിസ്താന് ലഭിക്കുക.പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി സിനോഫാം വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

 

വാക്‌സിന്‍ കയറ്റി അയക്കാനായി പാക് വിമാനത്തെ ചൈനയിലേക്ക് അയക്കണമെന്ന് വാങ് യി പറഞ്ഞതായും ഖുറേഷി അറിയിച്ചു.

 

ചൈന ജനുവരി 31 നകം അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ പാകിസ്താന് നല്‍കുമെന്ന് ഉറപ്പുനല്‍കിയിരിക്കുന്നുആദ്യ ബാച്ച് വാക്‌സിന്‍ സൗജന്യമായിരിക്കും.

 

ഇത് രാജ്യത്തിനുള്ള വലിയ സഹായമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല സൗഹൃദത്തിന്റെ സൂചകമാണ് ഈ നടപടിയെന്നും അതിനോടെ കടപ്പെട്ടിരിക്കുന്നുവെന്നും ഖുറേഷി പറയുന്നു.

 

കുറഞ്ഞത് 11 ലക്ഷം ഡോസ് വാക്‌സിനാണ് പാകിസ്താന് ആവശ്യം. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ഡോസും നല്‍കുമെന്ന് ചൈന അറിയിച്ചതായും ഖുറേഷി പറഞ്ഞു.

 


ഭാവിയിലും ഈ സഹകരണം ഉണ്ടാവുമെന്നും കാന്‍സിനോ ബയോലോജിക്‌സിന്റെ സിനോഫാം വാക്‌സിന്‍ പാകിസ്താനില്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് വാങ് യിയുമായി ചര്‍ച്ച ചെയ്‌തെന്നും ഖുറേഷി വ്യക്തമാക്കി.

 

5.2 ലക്ഷം പേര്‍ക്കാണ് പാക്‌സ്താനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 11,157 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

OTHER SECTIONS