ശിവദാസമേനോന് ഒപ്പമുള്ള അപൂർവ്വ ചിത്രം പങ്കുവെച്ച് ചിന്ത ജെറോം

By Ameena Shirin s.29 06 2022

imran-azhar

അന്തരിച്ച മുൻ മന്ത്രി ശിവദാസമേനോന് ഒപ്പമുള്ള ചിത്രവും മറക്കാനാവാത്ത അനുഭവവും ഫെയ്സ്ബുക്കിൽ പങ്കുവെച്ച് ചിന്ത ജെറോം. ശിവദാസമേനോൻ മാഷ് വിട പറഞ്ഞു. പിതൃതുല്യമായ സ്നേഹവാത്സ്യലങ്ങൾ ചൊരിഞ്ഞ പ്രിയപ്പെട്ട നേതാവായിരുന്നു മാഷ്.

 

പപ്പയെ പോലെതന്നെ പല തവണയും പല സന്ദർഭങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ വാർത്ത പുറത്തുവന്നപ്പോൾ നിരവധി തവണ വിളിക്കുകയും എന്നെ ലഭ്യമാകാതെ ഇരുന്നപ്പോൾ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നത്ര കരുതൽ സൂക്ഷിച്ചിരുന്ന മനുഷ്യനാണ്.

 

അഗാധമായ പാണ്ഡിത്യവും ജനകീയമായ ഇടപെടലുകളും വളരെ സരസമായ പ്രഭാഷണങ്ങളും മാഷിന്റെ പ്രത്യേകതയായിരുന്നു. മലപ്പുറം വഴി പോകുന്ന അവസരങ്ങളിലെല്ലാം മാഷ് വിശ്രമജീവിതം നയിച്ച മഞ്ചേരിയിലെ മകളുടെ വീട്ടില്‍ ഞാനും അമ്മയും പോകുമായിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങൾക്ക് ശേഷം മാഷിനെ അടുത്തു കാണാനും സന്ദർശിക്കാനും കഴിഞ്ഞിരുന്നില്ല.

 

കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയും സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്ന ശിവദാസ മേനോൻ മാഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും വഴികാട്ടിയായി മാഷിന്റെ ഓർമ്മകൾ ഉണ്ടാകും….” – ചിന്ത ഫെയ്സ്ബുക്കിൽ കുറിച്ചു.

 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ടി. ശിവദാസമേനോൻ (90) മരിച്ചത്. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധന, എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ വഹിച്ചു.

 

സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. വാര്‍ധക്യത്തെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

 

OTHER SECTIONS