വിജെ ചിത്രയുടെ ആത്മഹത്യ: ഭര്‍ത്താവിനെതിരെ വീണ്ടും തെളിവുകള്‍ പുറത്ത്

By Veena Viswan.20 01 2021

imran-azhar

 

 

ചെന്നൈ: ജനപ്രിയ നടിയും അവതാരകയുമായ വി.ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.

 

ഡിസംബര്‍ 9ന് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താന്‍ ചോദ്യം ചെയ്‌തെന്നും കുപിതയായി ശുചിമുറിയില്‍ കയറി വാതിലടച്ച ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നുമുള്ള ഭര്‍ത്താവ് ഹേംനാഥ് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് സംഭാഷണം പുറത്തുവിട്ടത്.

 

അതിനിടെ ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് നടിയുടെ സുഹൃത്ത് സെയ്ദ് രോഹിതും രംഗത്തെത്തിയിട്ടുണ്ട്. സീരിയല്‍ ചിത്രീകരണ സ്ഥലത്തു വച്ചുപോലും ഹേംനാഥില്‍ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നെന്നും രോഹിത് പറഞ്ഞു.

 


സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കി. ഇതറിഞ്ഞ ചിത്രയുടെ അമ്മ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ നടിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു.

 

ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തി. ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി.


ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് നിര്‍ണായകമായത്. പാണ്ഡ്യന്‍ സ്റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

 

 

OTHER SECTIONS