നീലാകാശം നിറയെ ക്രിസ്മസ് നക്ഷത്രങ്ങള്‍

എല്ലാ വര്‍ഷവും നവംബര്‍ വന്നെത്തുമ്പോള്‍ തുടങ്ങും മനസ്സിനൊരു തണുപ്പ്. ഡിസംബറിനായി കാത്തിരിക്കുമ്പോള്‍ നവംബറിനോട് വല്ലാത്ത ഇഷ്ടമാണ്

author-image
Web Desk
New Update
നീലാകാശം നിറയെ ക്രിസ്മസ് നക്ഷത്രങ്ങള്‍

ജേക്കബ് ഏബ്രഹാം

എല്ലാ വര്‍ഷവും നവംബര്‍ വന്നെത്തുമ്പോള്‍ തുടങ്ങും മനസ്സിനൊരു തണുപ്പ്. ഡിസംബറിനായി കാത്തിരിക്കുമ്പോള്‍ നവംബറിനോട് വല്ലാത്ത ഇഷ്ടമാണ്

വൃശ്ചികത്തിലെ രാവുകള്‍ക്കും പുലരികള്‍ക്കും ഹിമകണങ്ങളുടെ സ്പര്‍ശമുണ്ട്. തെളിഞ്ഞ നീല മേഘങ്ങള്‍ ദൃശ്യമാവുന്ന പകലുകള്‍ ഡിസംബറിന്റെ പ്രത്യേകതയാണ്. ഋതു ഭംഗികള്‍ നിറച്ച് ഓരോ സീസണും കടന്നെത്തുമ്പോള്‍ കലണ്ടറില്‍ അവസാനമെത്തുന്നു തിരുപ്പിറവി. ഒടുക്കത്തില്‍ നിന്ന് ഒരു പുതിയ തുടക്കം. ക്രിസ്മസ് മാസത്തില്‍ ചുറ്റുപാടും ശ്രദ്ധിച്ചാല്‍ കാണാം പുതുമയുടെ മാറ്റങ്ങള്‍.

പ്രകൃതിയിലാണ് ഈ പുതുമ ആദ്യം പ്രത്യക്ഷപ്പെടുക. മരച്ചില്ലകള്‍ ഇലകള്‍ കൊഴിച്ച് തണുത്ത് വിറയ്ക്കും, മഞ്ഞിന്റെ നേര്‍ത്ത കമ്പളത്തില്‍ നീല മേഘങ്ങള്‍ ഉറങ്ങിക്കിടക്കും. വാനില്‍ താര രാത്രികള്‍ ഒരു വലിയ ചിത്രകാരനെപ്പോലെ ചിത്രം വരയ്ക്കും. വീടുകളുടെ മുഖം തന്നെ മാറും. വര്‍ണ്ണ നക്ഷത്രങ്ങളും മിനുങ്ങു ലൈറ്റുകളും തെളിയും. ക്രിസ്മസ് മരത്തിന്റെ ചില്ലകളില്‍ ക്രിസ്മസ് ആശംസാ കാര്‍ഡുകള്‍ തൂങ്ങിയാടും. അടുക്കളയില്‍ നിന്ന് കേക്കിന്റെ മണം അകത്തളങ്ങളില്‍ ഇഴഞ്ഞുനടക്കും. വീട് ഒരു പുതുമയുടെ സുഖമറിയും. പുതിയ ഭാവവും രൂപവും മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്നത് അവാച്യമായ അനുഭൂതികളാണ്.

ജീവിതത്തെ അര്‍ത്ഥ സമ്പൂര്‍ണ്ണമാക്കുന്നത് പ്രതിഫലേച്ഛയില്ലാത്ത സ്‌നേഹമാണ്. ക്രിസ്മസ് പരസ്പര സ്‌നേഹത്തിന്റെ ഒരു പുതിയ തുടക്കം നല്‍കുന്ന ഉത്സവമാണ്. സമ്മാനപ്പൊതികളുമായി മഞ്ഞു വീണ വഴികളിലൂടെ ജിംഗിള്‍ ബെല്‍സ് പാടിയെത്തുന്ന സാന്താക്ലോസ് സ്‌നേഹത്തിന്റെ നിത്യ പ്രതീകമാണ്. സമ്മാനങ്ങള്‍ നല്‍കുമ്പോഴും ലഭിക്കുമ്പോഴും ഒരു പ്രത്യേക സന്തോഷം നാം അനുഭവിക്കുന്നു. ഉള്ളിലെ തരളമായ വികാരങ്ങളുടെ ഉണരലാണത്. ശൈശവത്തിന്റെ ഒരു നിഷ്‌കളങ്കത നാം അറിയുന്നു.

മാനവ സമൂഹം കടന്നു പോന്നിട്ടുള്ള എല്ലാ ക്രിസ്മസുകളുടെയും ചരിത്രം സമ്മാനങ്ങളുടേതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സമ്മാനത്തിന്റെ വിലയിലല്ല സമ്മാനിക്കുക എന്ന പ്രകിയയിലാണ് നന്മയുടെ കിരണമുള്ളത്. അപരനെ നോക്കി ഹൃദയംഗമമായി ഒന്ന് പുഞ്ചിരിക്കാന്‍ കഴിയുന്നതിലും വലുതായി ഒരു സമ്മാനവുമില്ല. ക്രിസ്മസ് സാഹിത്യത്തിലെ മനോഹരമായ കവിതകളിലൊന്നാണ് അമേരിക്കന്‍ നാടോടി ഗായകനും കവിയുമായ ജിം റീവ്‌സിന്റെ ആ പഴയ ക്രിസ്മസ് കാര്‍ഡ് എന്ന കവിത. ആ വരികള്‍ ഞാന്‍ മൊഴിമാറ്റി മലയാളത്തിലാക്കി.

ആ പഴയ ക്രിസ്മസ് കാര്‍ഡ്

പൊടി പിടിച്ച പെട്ടിയില്‍ കാണവേ...

എത്ര മധുരതരമായ ഓര്‍മ്മകള്‍ വന്നണയുന്നു

പ്രഭാതം പോല്‍

വിലയേറിയ ഓര്‍മ്മകള്‍

ആദ്യത്തെ ക്രിസ്മസ് മരത്തിന്‍ ചുവടെ

ആ ക്രിസ്മസ് കാര്‍ഡ് കണ്ട കാലം ഞാനോര്‍ക്കുന്നു

ഓരോ വാക്കിലും

ഓരോ വരിയിലും

എന്താനന്ദം

ക്രിസ്മസ് ഓര്‍മ്മകളുണരുമ്പോള്‍

ഒരു തുള്ളി കണ്ണീര്‍ പൊഴിക്കയാണ് ഞാന്‍ ഖേദമരുതേ

ആ പഴയ കാര്‍ഡ് കാണവേ

ഞാന്‍ വികാരഭരിതനാവുന്നു

ജിം റീവ്‌സിന്റെ ഈ വരികളും ഗ്രാമീണ ഗാനവും വിശ്വപ്രസിദ്ധമാണ്. ഒരു പഴയ ക്രിസ്മസ് കാര്‍ഡില്‍ നിന്ന് പിറന്ന മഹത്തായ കവിത. ക്രിസ്മസ്-ന്യൂ ഇയര്‍ ആശംസാ കാര്‍ഡുകള്‍ എനിക്കും സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതെല്ലാം ഓര്‍ക്കുമ്പോള്‍ സമ്മാനിച്ചവരുടെ മുഖങ്ങള്‍ മുന്നില്‍ തെളിയാറുണ്ട്. ഇപ്പോള്‍ നാം വാട്‌സാപ്പിലാണ് സന്ദേശങ്ങള്‍ അയക്കുന്നത്. നിസ്സാരമായി ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന അത്തരം സന്ദേശങ്ങള്‍ക്ക് വളരെ സ്‌നേഹത്തോടെ അയക്കുന്ന ക്രിസ്മസ് കാര്‍ഡുകളുടെ ഹൃദയ വായ്പില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എല്ലാ വര്‍ഷവും നവംബര്‍ വന്നെത്തുമ്പോള്‍ തുടങ്ങും മനസ്സിനൊരു തണുപ്പ്. പത്തനംതിട്ടയുടെ മലയോരങ്ങളില്‍ കുളിരുന്ന പുലരികളും രാവുകളും നേരത്തെയെത്തും. ഡിസംബറിനായി കാത്തിരിക്കുമ്പോള്‍ നവംബറിനോട് വല്ലാത്ത ഇഷ്ടമാണ്. ഈ വര്‍ഷവും നവംബറില്‍ ഞാന്‍ പുലരികളില്‍ പ്രകൃതിയെ നോക്കി നടന്നു. റോബസ്റ്റാ വാഴത്തോട്ടത്തില്‍ വലിയ ഇലകളിലേക്ക് മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. അങ്ങനെ ബലൂണ്‍ മണവുമായി പെട്ടെന്ന് വന്നെത്തുകയായിരുന്നു ഡിസംബര്‍.

പത്തനംതിട്ട മലയോരങ്ങളില്‍ രണ്ടുതരം രാത്രി യാത്രകളുടെ ഉന്മേഷമാണ് ഡിസംബര്‍ നല്‍കുന്നത്. പള്ളികളില്‍ നിന്നു ഹാപ്പി ക്രിസ്മസ് പാടിത്തുടങ്ങുന്ന കരോള്‍ സംഘങ്ങളും അയ്യപ്പോ.. സ്വാമിയേ വിളികളുമായി ശബരിമലയ്ക്ക് പോകുന്ന സ്വാമിമാരുടെ ശരണം വിളികളും നാട്ടുവഴികളെ ഉണര്‍ത്തും. എന്റെ പല കൂട്ടുകാരും മലയ്ക്ക് പോകുന്നുണ്ടാവും തിരിച്ചെത്തുമ്പോള്‍ കൊണ്ടുവരുന്ന മലരും അരവണയും പങ്കുപറ്റാനുള്ളതാണ്. തിരിച്ചും ക്രിസ്മസ് കേക്കുകളുടെ പങ്കിനായി കാവിലെ ക്രിക്കറ്റ് കളി കഴിഞ്ഞ് ഒരു വരവുണ്ട്.

ബാല്യകാലത്തെ എന്റെ ക്രിസ്മസ് കാലത്തെ പ്രധാന മേച്ചില്‍പുറം കല്ലോടിക്കുഴി എന്ന അയലോക്കത്തെ വീടാണ്. അവിടുത്തെ അക്കാമ്മ അമ്മച്ചിയുടെ കേക്ക് മണത്തിന് ചുറ്റും ഞങ്ങള്‍ കുട്ടികള്‍ കറങ്ങി നടക്കും. അമ്മച്ചി എല്ലാ ക്രിസ്മസിനും കേക്കുണ്ടാക്കുമായിരുന്നു. സുഖകരമായ പ്രശാന്തത തളം കെട്ടിയ മുഖമുള്ള അമ്മച്ചിയുടെ കൈകള്‍ മാവുകുഴയ്ക്കുന്നതില്‍ വാപൃതമാവും ഓവന്റെ ബേസിനിലേക്ക് തരിതരിയായി കേക്കു മിശ്രിതം ചേര്‍ക്കും. നാടന്‍ ഓവനാണ്. അപ്പച്ചട്ടി പോലെയുള്ള ഒന്ന്.

അമ്മച്ചിയുടെ അടുക്കളയിലെ യൂറോപ്പ്യന്‍ ഭാവുകത്വം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ദീര്‍ഘകാലം വിദേശങ്ങളില്‍ ജീവിച്ചതിന്റെ മുദ്രകള്‍ പ്രകടമായ ഷെല്‍ഫുകള്‍. ചൈനീസ് പാത്രങ്ങളും കപ്പുകളും സോസറുകളും ജാം കുപ്പികളുടെ നിരത്തിവച്ചിരിക്കുന്ന കിച്ചണ്‍ ഷെല്‍ഫുകളില്‍ തലേ വര്‍ഷങ്ങളില്‍ ലഭിക്കുന്ന ക്രിസ്മസ് കാര്‍ഡുകള്‍ മാല പോലെ കൊരുത്തുവച്ചിരുന്നു. അതിനുള്ളില്‍ ജേഴ്‌സി പശുവിന്റെ പടമുള്ള നിഡോ പാല്‍പ്പൊടിപ്പാട്ടകളും രസന ടിന്നുകളും നിറഞ്ഞിരുന്നു. ചോക്കലേറ്റ് ബോക്‌സുകളുടെ ഒഴിഞ്ഞ ഡപ്പകള്‍ അലങ്കാരം പോലെ നിരത്തിവച്ചിരുന്നു. അതിനുള്ളിലാണ് ക്രിസ്മസ് കേക്കുകള്‍ സൂക്ഷിക്കുന്നത്. മുറിക്കാനായി ചുവന്ന പിടിയുള്ള ഒരു സ്‌ക്കോട്ട്‌ലാന്‍ഡ് കത്തിയുമുണ്ടായിരുന്നു. സോഫിയുടെ ക്രിസ്മസ് കാര്‍ഡുകള്‍ എന്ന കഥ എഴുതിയപ്പോള്‍ ഈ അമ്മച്ചിയും വീടും മുന്നില്‍ വന്നു.

അപസ്വരങ്ങളില്ലാത്ത കുലീനമായ ഒരു ഹാര്‍മണി പോലെയായിരുന്നു അടുക്കളയുടെ ക്രമീകരണം. പഴയ മരയഴിയിട്ട ജനാലകളും ഓടിനിടയില്‍ ഒറ്റച്ചില്‍ കണ്ണാടി പതിഞ്ഞ വെളിച്ച ക്രമീകരണവും മരപ്പട്ടി പായുന്ന തട്ടിന്‍പുറവും മുറ്റത്തെ കമ്പിളി നാരങ്ങകളും എന്റെ ബാല്യകാലത്തെ വിസ്മയിപ്പിച്ചിരുന്നു.

കുട്ടിക്കാലങ്ങളില്‍ അമ്മച്ചിക്ക് ചുറ്റും എത്രയോ ദിവസങ്ങളില്‍ ഞാന്‍ ചുറ്റിക്കറങ്ങി നടന്നിട്ടുണ്ട്. സ്‌നേഹ വാത്സല്യങ്ങളുടെ ക്രിസ്മസ് കേക്ക് മധുരം പോലെ ബോഗണ്‍ വില്ലാ മരങ്ങള്‍ പൊതിഞ്ഞുപിടിച്ചിരുന്ന ഈ വീടിനു ചുറ്റും ചെറിമരങ്ങളും ചാമ്പയും മറ്റ് തരുലതാദികളും സ്വപ്നത്തിലെന്ന പോലെ നിന്നു.

വിശ്വകവി ടാഗോറിന്റെ ആത്മകഥയില്‍ കുട്ടിക്കാലത്ത് വീട്ടിലെ വേലക്കാര്‍ ഉറങ്ങുന്ന മദ്ധ്യാഹ്നങ്ങളില്‍ കവി വീട്ടുവളപ്പിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സ്വപ്നത്തിലെന്ന വണ്ണം ദിവാസ്വപ്നങ്ങളില്‍ മുഴുകി കഴിയുന്ന വിവരം എഴുതിയിട്ടുണ്ട്. അതു വായിച്ചപ്പോള്‍ എനിക്കീ വീടാണ് ഓര്‍മ്മ വന്നത്.

കോണിഫറസ് മരങ്ങളുടെ ഛായയുള്ള ഒരു ക്രിസ്മസ് മരം ഈ വീട്ടുമുറ്റത്തുണ്ടായിരുന്നു. ബോള്‍സം ചെടികളും വിവിധ നിറത്തിലുള്ള പൂക്കാത്ത ഇലച്ചെടികളും ആ മരത്തിനു ചുറ്റും നിറഞ്ഞു. ക്രിസ്മസ് നക്ഷത്രം തിളങ്ങി നില്‍ക്കുന്ന ആ മരത്തിന്റെ പ്രഭ ഇരുട്ടില്‍ വീടിനെ തിളക്കി.

അക്കാമ്മ അമ്മച്ചിയെ കല്ലോടിക്കുഴി അമ്മച്ചി എന്നായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. അമ്മച്ചിയുടെ സ്വഭാവത്തിന്റെ പ്രത്യേകതയായ പ്രശാന്തത മുറിയുടെ ഒരു മൂലയില്‍ ജനലോരം ചേര്‍ന്നിരുന്ന് കമ്പിളി വസ്ത്രം തുന്നുന്നതിലും നിറഞ്ഞുനിന്നിരുന്നു.

ചിലപ്പോള്‍ ജനലോരത്ത് അമ്മച്ചിക്ക് കൂട്ടായി ഞാനും ഒപ്പമിരിക്കുമായിരുന്നു. നീല മേഘങ്ങള്‍ അലയുന്ന ഡിസംബര്‍ ദിനങ്ങളുടെ മദ്ധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റ് റബ്ബര്‍ തോട്ടങ്ങളെ ഇളക്കിമറിക്കും. പഴുത്ത ഇലകള്‍ പൊഴിഞ്ഞ് നഗ്‌നമായ മരങ്ങള്‍ ജനുവരിയുടെ മരം കോച്ചുന്ന തണുപ്പില്‍ വിറച്ചു നില്‍ക്കും. അമ്മച്ചിയുടെ കണ്ണുകള്‍ താഴ് വരകളില്‍ അലഞ്ഞു നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അധികമാരും വരാനില്ലാത്ത വഴികളില്‍ ക്രിസ്മസ് അതിഥികളെ പ്രതീക്ഷിക്കുന്ന കണ്ണുകള്‍.

ക്രിസ്മസ് വിരുന്ന് മേശയില്‍ വിളമ്പാനായി മീല്‍ സേഫുകളില്‍ പ്രതാപ ജീവിതം നയിക്കുന്ന പ്രൊസിലിയാന്‍ കപ്പുകളും സോസറുകളും വീഞ്ഞു ചഷകങ്ങളും സ്ഫടിക പാത്രങ്ങളും തങ്ങളെ എടുത്തു തുടച്ച് ചിക്കന്‍ കറിയും കട്‌ലറ്റുകളും കെയ്ക്കുകളും അടങ്ങുന്ന തീന്‍ മേശയില്‍ വിഭവങ്ങളാല്‍ നിരത്തപ്പെടാന്‍ കൊതിക്കും

പൊട്ടല്‍ വീണ് തന്റെ കണ്ണടയുമായി ജനലോരത്തിരുന്ന് ഒരു കൈലേസിലേക്ക് ക്രിസ്മസ് അപ്പൂപ്പനെയും കലമാനുകളെയും ക്രിസ്മസ് നക്ഷത്രവും അമ്മച്ചി തുന്നുണ്ടാവും. ജനലോരത്ത് നിന്ന് നോക്കുമ്പോള്‍ താഴ് വാരത്തെ വീടുകളുടെ മുഖപ്പുകളില്‍ ക്രിസ്മസ് നക്ഷത്രം മലങ്കാറ്റില്‍ വിറയ്ക്കുന്നത് കാണാം.

വൃച്ഛികത്തിലെ മോഹിപ്പിക്കുന്ന ദിനങ്ങളുടെ പുലരി കുളിരില്‍ സ്വപ്നത്തില്‍ ആ ജനാല ഇപ്പോഴും ഞാന്‍ കാണാറുണ്ട്.

 

festival christmas celebration xmas