തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

By RK.02 10 2021

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തിയേറ്ററുകള്‍ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.

 

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാകും ഇവിടങ്ങളില്‍ പ്രവേശനം. അന്‍പതു ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും.

 

ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ തുറക്കും.

 

ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാവും ഇവയുടെ പ്രവര്‍ത്തനം.

 

വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം രണ്ട് ഡോസ് വാക്സിനേഷന്‍ മതിയാകും.

 

കല്യാണം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാറ്റംവരുത്തി. ഇരുചടങ്ങുകള്‍ക്കും 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും.

 

ശാരീരിക അകലം പാലിച്ച്, 50 പേരെ വരെ ഉള്‍പ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കും. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കും.

 

കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

OTHER SECTIONS