ദേശീയ പൗരത്വ ബില്‍ പാസാക്കി ലോക്‌സഭ

By online desk.09 12 2019

imran-azhar

 


ന്യൂഡല്‍ഹി: വലിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഇനി ബില്‍ രാജ്യസഭയുടെ പരിഗണനയക്കായി എത്തും. രാജ്യസഭ കൂടി ബില്‍ പാസാക്കുകയാണെങ്കില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

 

ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിന് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.

 

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണെന്നും അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ടെന്നും അമിതാ ഷാ പറഞ്ഞു. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയതെന്നും അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ അറിയിച്ചു.

 

1951 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ല്‍ 23 ശതമാനമായിരുന്ന പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞതായും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശില്‍ 22ല്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകില്‍ ഇവര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കില്‍ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയില്‍ 1951 ല്‍ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 14.3 ശതമാനമായി വര്‍ധിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയില്‍ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ലോക്സഭയില്‍ അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ മതേതരത്വം എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കൊപ്പവുമാണ് കോണ്‍ഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

 

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബില്ലെന്നും റോഹിങ്ക്യന്‍ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

 

 

OTHER SECTIONS