By Swathi.22 01 2022
തിരുവനന്തപുരം : എക്സൈസില്‍ കേസുകള്‍ പിടിക്കാന്‍ ഇനി മാര്‍ക്കും 'പ്രോഗ്രസ് കാര്‍ഡും' ഏര്‍പ്പെടുത്തും. കേസുകളുടെ വിവരങ്ങള്‍ വകുപ്പിനെ അറിയിക്കുന്നതിന് സിവില്‍ എക്സൈസ് ഓഫിസര്‍ക്കും വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ക്കും നല്കാവുന്ന പരമാവധി മാര്‍ക്ക് 75. പ്രിവന്റീവ് ഓഫിസറുടേത് 170 മാര്‍ക്ക്. എക്സൈസ് കമ്മിഷണറുടെ ഈ നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം അറിയാനായി അയച്ചു.
ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതിരിക്കേ, പുതിയ നിര്‍ദേശം ജീവനക്കാര്‍ക്കിടയില്‍ കിടമത്സരവും അനാവശ്യ സമ്മര്‍ദവും ഉണ്ടാകുന്നതിനു പുറമേ വ്യാജകേസുകള്‍ കൂടുന്നതിന് ഇടയാക്കുമെന്നു ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. നിര്‍ദേശം നടപ്പിലാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് സംഘടനകള്‍.
നിര്‍ദേശങ്ങള്‍ ഇങ്ങനെ:
സിവില്‍ എക്സൈസ് ഓഫിസറുടെ മാര്‍ക്ക്:
ജാമ്യം ലഭിക്കുന്ന കേസ്: പരമാവധി മാര്‍ക്ക് 5, ഓരോ കേസിനും ഒരു മാര്‍ക്ക് വീതം.
ജാമ്യമില്ലാത്ത കേസ്: പരമാവധി മാര്‍ക്ക് 10, ഓരോ കേസിനും 2 മാര്‍ക്ക് വീതം.
ചെറിയ അളവില്‍ ലഹരി മരുന്ന് പിടിക്കുന്ന കേസ്: പരമാവധി 5 മാര്‍ക്ക്. ഓരോ കേസിനും ഒരു മാര്‍ക്ക് വീതം.
ഇടത്തരം അളവില്‍ ലഹരി മരുന്നു പിടിക്കുന്ന കേസ്: പരമാവധി 10 മാര്‍ക്ക്. ഓരോ കേസിനും 3 മാര്‍ക്ക് വീതം.
വാണിജ്യ അളവില്‍ വില്പനയ്ക്കെത്തിച്ച ലഹരി മരുന്ന് പിടിച്ചാല്‍: പരമാവധി 10 മാര്‍ക്ക്. ഓരോ കേസിനും 5 മാര്‍ക്ക് വീതം.
വിമുക്തി അടക്കമുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന്: പരമാവധി 10 മാര്‍ക്ക്. ഒരു പ്രോഗ്രാമിന് ഒരു മാര്‍ക്ക്.
മറ്റു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അച്ചടക്കത്തിനും: 10 മാര്‍ക്ക്.
പ്രിവന്റീവ് ഓഫിസറുടെ മാര്‍ക്ക്
ജാമ്യം ലഭിക്കുന്ന കേസ്: പരമാവധി 10 മാര്‍ക്ക്. ഓരോ കേസിനും ഓരോ മാര്‍ക്ക് വീതം.
ജാമ്യം ഇല്ലാത്ത കേസ്: പരമാവധി 10 മാര്‍ക്ക്. ഓരോ കേസിനും 2 മാര്‍ക്ക് വീതം.
എന്‍ഡിപിഎസ്, അബ്കാരി കേസുകള്‍ പിടിക്കുന്നതിനും വിമുക്തി പരിപാടികളില്‍ പങ്കെടുക്കുന്നതിനും അച്ചടക്കത്തിനും ഉള്‍പ്പെടെ പരമാവധി 170 മാര്‍ക്ക്.