താരസംഘടനയിൽ ക്ലബ്ബ് വിവാദം തുടരുന്നു

By Ameena Shirin s.29 06 2022

imran-azhar

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ ‘ക്ലബ്ബ്’ പരാമർശത്തിന്റെ പേരിൽ വിവാദം തുടരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നടൻ ജോയ് മാത്യു അംഗത്വം വേണ്ടെന്നു ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറിക്ക്‌ കത്ത് നൽകി.

 

ക്ലബ്ബ് എന്നത് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർഥങ്ങൾ ഉണ്ടാക്കി സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി ഇടവേള ബാബു നടൻ ഗണേഷ് കുമാറിനും കത്തയച്ചു.

 

നേരത്തേ കേസിൽ പ്രതിയായ നടൻ ബിനീഷ് കോടിയേരിക്കെതിരേ ഗണേഷ് കുമാർ സ്വീകരിച്ച നിലപാട്‌ പരിശോധിക്കുമ്പോൾ ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇടവേള ബാബു കത്തിൽ പറയുന്നു.

 

ജഗതി ശ്രീകുമാറിനെതിരേയും പ്രിയങ്കയ്ക്കെതിരേയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തിരുന്നതെന്നും ഇടവേള ബാബു കത്തിൽ ചോദിച്ചു .

 

പ്രസിഡന്റ് മോഹൻലാലിന്‌ ഗണേഷ് അയച്ച കത്തുകൾക്ക്‌ സമയക്കുറവു കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം മറുപടികൾ തരാറില്ലേയെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു.

 

കഴിഞ്ഞ 27 വർഷമായി സംഘടന മുന്നോട്ടു കൊണ്ടുപോകാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് സംഘടനയ്ക്ക്‌ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന്‌ തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു.

 

സന്നദ്ധ സംഘടന ആണെന്നു കരുതിയാണ് ഒരു ലക്ഷം രൂപ നൽകി താൻ ‘അമ്മ’യിൽ അംഗത്വം എടുത്തതെന്നു ജോയ് മാത്യു പറഞ്ഞു. എന്നാൽ, വിവരമില്ലായ്മയാണ് സംഘടനയെപ്പറ്റി ജനറൽ സെക്രട്ടറി പറയുന്നത്. പ്രസിഡന്റും നിർവാഹക സമിതി അംഗങ്ങളുമടക്കമുള്ളവർ സെക്രട്ടറിയെ തിരുത്തുന്നില്ല.

 

വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. നടൻ ഷമ്മി തിലകൻ സംഘടനയെപ്പറ്റി പറയുന്നതിൽ കുറേ കാര്യമുള്ളപ്പോൾ കുറേ അപാകങ്ങളുമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

OTHER SECTIONS