'നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും': പിണറായി വിജയൻ

By Online Desk.19 12 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എന്‍എസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. "നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്" മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

''ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍എസ്എസ്സിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. 'കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ വര്‍ഗീയതയുമായി സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ്സിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ ആര്‍എസ്എസ് വിഴുങ്ങും', മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനസര്‍ക്കാരിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് കഴിഞ്ഞ തിങ്കളാഴ്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങള്‍ സംരക്ഷിക്കണം. അതിനായി എന്‍എസ്എസ് വേണ്ടതെല്ലാം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 

ജനുവരി ഒന്നാം തീയതി സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വനിതാമതില്‍ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികള്‍ക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമെന്ന് കൃത്യമായ സൂചന നല്‍കുന്ന സുകുമാരന്‍ നായരുടെ വാര്‍ത്താസമ്മേളനത്തിനെതിരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പരോക്ഷമായിട്ടെങ്കിലും മറുപടി നല്‍കിയിരിക്കുന്നത്.

OTHER SECTIONS