മുഖ്യമന്ത്രിയുടെ ലൈവ് സൂപ്പര്‍ ഹിറ്റ്

By online desk.22 07 2019

imran-azhar

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് ലൈവ് സൂപ്പര്‍ ഹിറ്റ്. ഒരു മണിക്കൂര്‍ സിപിഎം കേരള എന്ന ഫേസ് ബുക്ക് പേജിലായിരുന്നു മുഖ്യമന്ത്രി ലൈവില്‍ എത്തിയത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തത്സസമയം 1.20 ലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. 8,800 ചോദ്യങ്ങളായിരുന്നു ലൈവ് സമയത്ത് എത്തിയത്. ഇതിന് ശേഷവും ചോദ്യങ്ങള്‍ പ്രവഹിച്ചു.

 

തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കി. വിവാദമായ എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. 2000ത്തില്‍ അധികം പേര്‍ തത്സമയം മുഖ്യമന്ത്രിയുടെ പരിപാടി ഷെയര്‍ ചെയ്തു. 4000ത്തില്‍ അധികം ലൈക്ക് ലൈവ് സമയത്തുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍.എസ്. സജിത്തായിരുന്നു പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍.

 

നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ സൗകരൃങ്ങള്‍ നിസ്സാന്‍ ആഗ്രഹിക്കുന്നുണ്ട്. അതൊരുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചില കാര്യങ്ങള്‍ ഒരുക്കണമെന്ന് അവരുടെ കത്ത് കിട്ടിയ ഉടന്‍ തന്നെ ഉദ്യോഗസ്ഥരുടെയും നിസ്സാന്‍ പ്രതിനിധികളുടെയും യോഗം നടത്തി തീരുമാനമെടുത്തു. ടോക്കിയോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം വേണമെന്ന ആവശ്യമുണ്ട്. അക്കാര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ വിമാന കമ്പനികളുടെ യോഗം വിളിക്കും. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് ചേരാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തീരുമനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിസ്സാന്‍ തൃപ്തരാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ നാടിനെതിരെയുള്ള കുപ്രചാരണം നടത്തുകയാണ്. തെറ്റായ വാര്‍ത്തകള്‍ ചമയ്ക്കാന്‍ ചിലര്‍ക്ക് മടിയില്ല. ഇത് നാടിനെതിരായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് അവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒരു സ്ഥാപനമെന്ന നിലയ്ക്ക് സ്വാഭാവികമായും അവര്‍ക്ക് ഒട്ടേറെ ആവശ്യങ്ങള്‍ വരും. നമ്മുടെ രാജ്യത്തെ ചില പ്രധാന നഗരങ്ങളും രാജ്യത്തിന് പുറത്തുള്ള ചില രാജ്യങ്ങളും ഈ സ്ഥാപനം അവിടെ വരണമെന്ന് ആഗ്രഹിച്ചതാണ്. എന്നാല്‍ കേരളത്തിലാകട്ടെ എന്ന് അവര്‍ തീരുമാനിച്ചു. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ നേരത്തെ അറിയിച്ചപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമെടുത്തു. ചില കാര്യങ്ങളില്‍കൂടി തീരുമാനമാകണമെന്ന് പറഞ്ഞാണ് കത്ത് തന്നത്. കിട്ടിയ ഉടന്‍ യോഗം വിളിച്ചു തീരുമാനമെടുത്തു.ചില കാര്യങ്ങള്‍ നമുക്ക് മാത്രം ചെയ്യാന്‍ പറ്റുന്നതാവില്ല. അത്തരം കാര്യത്തില്‍ ഇടപ്പെട്ടു. അതിന്റെ ഭാഗമായാണ് സിവില്‍ ഏവിയേഷന്‍ യോഗം ചേരുന്നത്.

 

ഇക്കാര്യം നഗറ്റീവ് തരംഗം ഉണ്ടാക്കുന്നവര്‍ ഓര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ക്ക് താല്‍പര്യം വിവാദം സൃഷ്ടിക്കലാണ്. റീബില്‍ഡ് കേരളത്തിന്റെ ഭാഗമായി ലോകബാങ്ക് അധികൃതര്‍ അടക്കം പങ്കെടുത്ത യോഗത്തിന്റെ വാര്‍ത്തപോലും പല മാധ്യമങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെച്ചു. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ജനങ്ങളില്‍ എത്തരുതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങള്‍ ഉണ്ട്. ഇത് നമ്മുടെ നാടിന് മാത്രമുള്ള ഒരു ശാപമാണ്. അവര്‍ അത്തരം നിലപാട് തിരുത്തണം എന്ന് നാട് ആഗ്രഹിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ കോളേജിനെ തകര്‍ക്കാമെന്നോ അവിടെനിന്ന് മാറ്റാമെന്നോ കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നാല് കോളേജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളേജ്. അവിടെയുണ്ടായ ആക്രമണം നടക്കാന്‍ പാടില്ലാത്തതാണ്. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാം എന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കേരള ഫേസ്ബുക്ക് പേജ് ലൈവില്‍ ജനങ്ങളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.


യൂണിവേഴ്‌സിറ്റി കോളേജിനോട് പ്രത്യേക വിരോധം പുലര്‍ത്തി അതിനെ അവിടെ നിന്ന് മാറ്റാന്‍ മുമ്പും ശ്രമമുണ്ടായി. ഇന്ന് സമരം നടത്തുന്നവരുടെ നേതൃത്വം ഭരണത്തിലിരിക്കുമ്പോള്‍ ഇതിന് ശ്രമിച്ചു. സമൂഹം ഒന്നായി ചെറുത്തപ്പോള്‍ മുട്ട് മടക്കേണ്ടിയും വന്നു. അക്കാലത്ത് നടക്കാത്തത് ഇപ്പോള്‍ ഒട്ടും പറ്റില്ല. യൂണിവേഴസിറ്റി കോളേജ് അവിടെത്തന്നെ പ്രവര്‍ത്തിക്കും. കോളേജിനെ കൂടുതല്‍ ശക്തമാക്കും. അതേസമയം, അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

OTHER SECTIONS