ഗുജറാത്തില്‍ സഹോദരിയെ ആവര്‍ത്തിച്ച് കുത്തി പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

By Priya.23 06 2022

imran-azhar

വഡോദര:ഗുജറാത്തിലെ വഡോദര ജില്ലയിലെ വര്‍ണാമയില്‍ വീടിന് പുറത്തുവെച്ച് സഹോദരിയെ ആവര്‍ത്തിച്ച് കുത്തി പരുക്കേല്‍പ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോളേജിലെ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിയായ പ്രതിയെ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതിനാല്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായി വര്‍ണമ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബിഎന്‍ ഗോഹില്‍ പറഞ്ഞു.

 

 

ജൂണ്‍ 18 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ആദ്യം തന്റെ സഹോദരിയെ നിലത്തേക്ക് തള്ളുന്നതും പിന്നീട് സ്വയം മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നിലധികം തവണ പ്രതി കുത്തുന്നതുമായിട്ടുള്ള വീഡിയോയാണ് വൈറലായത്.സഹോദരിയെ ആക്രമിക്കുന്നതിന് മുമ്പ് ഇയാള്‍ അമ്മയെയും ആക്രമിച്ചു.പ്രതിയുടെ അമ്മയ്ക്ക് നിസാര പരിക്കുകളുണ്ട്.ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും കത്തികൊണ്ട് മുറിവേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ ഗോഹില്‍ പറഞ്ഞു.

 

 

ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ പ്രതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്നും വീട്ടിലെ ചില പ്രശ്നങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു.'ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ തന്നെ ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അയാള്‍ തന്റെ സഹോദരിയെ കത്തികൊണ്ട് പലതവണ കുത്തി, പക്ഷേ ഭാഗ്യവശാല്‍ അവള്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല,' ഗോഹില്‍ പറഞ്ഞു.

 


ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ഐപിസി 326 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തി കാണിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

 

 

 

OTHER SECTIONS