വിഴിഞ്ഞം കരാര്‍; എംപിയുടെ വീട്ടില്‍ അദാനി - ഉമ്മന്‍ചാണ്ടി രഹസ്യ ചര്‍ച്ച

By mathew.23 07 2019

imran-azhar

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദാനി ഗ്രൂപ്പിലെ പ്രമുഖരും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ രഹസ്യ ചര്‍ച്ചയെ കുറിച്ചു വ്യക്തമായി പരാമര്‍ശിക്കുന്നു. കെ.വി.തോമസ് എം.പിയുടെ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.വി.തോമസും അദാനി ഗ്രൂപ്പിലെ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ ചര്‍ച്ച നിര്‍ണായകമായിരുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി രഹസ്യമായി നടത്തിയ ചര്‍ച്ചയെ സംശയത്തോടെയാണ് കമ്മിഷന്‍ വിലയിരുത്തുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി കേരള ഹൗസ് ലഭിക്കുമെന്നിരിക്കെ ഒരു എംപിയുടെ സ്വകാര്യ വസതിയില്‍ എന്തിന് നടത്തിയെന്ന ചോദ്യവും ഉന്നയിക്കുന്നു.

ചര്‍ച്ച സാധാരണയായിരുന്നുവെന്നാണ് കമ്മിഷനു ലഭിച്ച മൊഴി. എന്നാല്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ നല്‍കിയിട്ടില്ല. വിഴിഞ്ഞം കരാറില്‍ പിന്നീട് നിര്‍ണായകമായ മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ രഹസ്യ കൂടിക്കാഴ്ച സംശയങ്ങള്‍ക്കിട നല്‍കുന്നുണ്ട്. തെളിവുകളുടെ അഭാവത്തില്‍ നിഗമനത്തിലെത്താന്‍ കമ്മിഷന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പോലും നിശിതമായി വിമര്‍ശിക്കുന്നു. കേരള ഹൗസില്‍ ചര്‍ച്ചകള്‍ നടന്നാല്‍ വാര്‍ത്തയിലൂടെ പുറംലോകം അറിയുകയും വിശദീകരണം നല്‍കേണ്ടി വരുകയും ചെയ്യുമെന്നത് കൊണ്ടാണ് എംപിയുടെ വീട്ടില്‍ ചര്‍ച്ച നടത്തിയതെന്നും സൂചനയുണ്ട്.

പദ്ധതി ആരംഭിക്കാന്‍ കഴിയില്ലെന്നിരിക്കെ ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളും കമ്മിഷന്‍ വ്യക്തമാക്കുന്നുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായെന്നും കമ്മിഷന്‍ കണ്ടെത്തി .ഇതിനായി ഇടപെട്ടത് തിരുവനന്തപുരം എംപി ശശി തരൂരായിരുന്നു. 2013 സെപ്റ്റംബര്‍ 11ന് പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് ശശി തരൂര്‍ അയച്ച കത്തില്‍, ജനുവരി മാസത്തോടെ പദ്ധതി പ്രദേശത്തേയ്ക്ക് ബുള്‍ഡോസറുകള്‍ നീങ്ങട്ടെ എന്നും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതി ആരംഭിച്ചെന്ന് ജനങ്ങള്‍ ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തിന്റെ പകര്‍പ്പ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശശി തരൂരിന്റെ കത്തിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നു. പ്ലാനിംഗ് കമ്മിഷനു കത്തു നല്‍കിയ ശേഷം ബുള്‍ഡോസറുകളും മറ്റും പദ്ധതി പ്രദേശത്തെത്തിക്കുകയും പ്രവര്‍ത്തനം ആരംഭിച്ചെന്ന ധാരണ പരത്തുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പ്രചാരണ വിഷയമാക്കുകയും ചെയ്തു. ജുഡീഷ്യല്‍ കമ്മിഷന്‍ ശശി തരൂരിന്റെ കത്തിനെയും തുടര്‍ സംഭവങ്ങളെയും നിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ച്ചയെ കുറിച്ച് യാതൊരു ആകുലതയും ഇല്ലാതെ കേവലം രാഷ്ട്രീയ നേട്ടത്തിനായി ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും കമ്മിഷന്‍ പറയുന്നുണ്ട്.

പലഘട്ടങ്ങളിലും രാഷ്ട്രീയമായ ഇടപെടലുകള്‍ നടന്നു. ചട്ട പ്രകാരമല്ലാതെ കരാറുകാരന് നേട്ടങ്ങള്‍ സൃഷ്ടിക്കുതിനായിരുന്നു ഈ ഇടപെടലുകള്‍. ഇതിനോടൊപ്പം സ്വന്തം രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ജനങ്ങളെ കബളിപ്പിച്ചെന്നുമുള്ള കണ്ടെത്തല്‍ ഗുരുതരമാണ്. ഔദ്യോഗിക പദവിയും അധികാരവും ഉപയോഗിച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. രഹസ്യ ചര്‍ച്ചയുടെ വിവരങ്ങള്‍ കമ്മിഷനു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് മറ്റു പരാമര്‍ശങ്ങള്‍ കമ്മിഷന്‍ നടത്താതിരുന്നത്.

 

OTHER SECTIONS