മഹാരാഷ്ട്രയിൽ അ​നി​ശ്ചി​ത​ത്വം

By online desk .18 11 2019

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയില്‍ ഇടഞ്ഞ്‌നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനുള്ള പുതിയ നീക്കവുമായി ബിജെപി. എന്‍ഡിഎ ഘടകക്ഷിയായ ആര്‍പിഐ വഴിയാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമവായ നീക്കം ബിജെപി ശിവസേനയെ അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം ബിജെപിക്കും രണ്ട് വര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കണ്ടു. എന്നാല്‍ ബിജെപി നേതൃത്വത്തില്‍ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചാല്‍ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നല്‍കിയെന്നാണ് വിവരം. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിക്കുമെന്ന് അത്തെവാല പറഞ്ഞു.


അതേസമയം ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന പുതിയ വെളിപ്പെടുത്തലുമായി എന്‍സിപി നേതാവ് പവാര്‍ രംഗത്തെത്തിയത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ പവാര്‍ മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചു. ശിവസേനയുമായി നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമായിരുന്നുവെന്നും കോണ്‍ഗ്രസിനും എന്‍സിപിക്കും പ്രശ്‌നപരിഹാരത്തിന് തങ്ങളുടേതായ മാര്‍ഗങ്ങള്‍ ഉണ്ടെന്നും പവാര്‍ വ്യക്തമാക്കി. പവാറിന്റെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുമെന്ന് ഉറപ്പായി. ഇന്നലെ സര്‍ക്കാര്‍ രൂപീകരണ സാദ്ധ്യത ആരാഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സേനയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ട പൊതു മിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കള്‍ ഒരുമിച്ചിരുന്ന് തയാറാക്കിയിരുന്നു. എന്നാല്‍ പവാര്‍ നിലപാട് മാറ്റിയതോടെ അക്കാര്യത്തിലും വ്യക്തമായ തീരുമാനം സോണിയ പ്രഖ്യാപിച്ചിട്ടില്ല.


കോണ്‍ഗ്രസ് - എന്‍സിപി നേതാക്കള്‍ ഒന്നോ രണ്ടോ ദിവസത്തിനകം വീണ്ടും ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു. 45 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം തന്നെയാണ് പവാറും സോണിയയും ചര്‍ച്ച ചെയ്തതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബിജെപി മദ്ധ്യസ്ഥരെ നിയോഗിച്ച് ശിവസേനയുമായി സഖ്യസാദ്ധ്യത ആരായുന്നത് കണക്കിലെടുത്താണ് പവാറിന്റെ നിലപാട് മാറ്റമെന്നാണ് കരുതപ്പെടുന്നത്.

 

OTHER SECTIONS