ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടികയില്‍ വനിത-ദളിത് നേതാക്കളില്ല; രാഹുല്‍ ഗാന്ധി ഇടപെടും

By Web Desk.17 08 2021

imran-azhar

 

ദിപിന്‍ മാനന്തവാടി

 

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടികയില്‍ നിന്ന് വനിതാ-ദളിത് നേതാക്കളെ ഒഴിവാക്കിയ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടും. ഇത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍.

 

നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കെ നടന്ന പുന:സംഘടനയില്‍ ഡി.സി.സി അധ്യക്ഷ പദവിയില്‍ വനിതാ- ദളിത് പ്രാധിനിത്യം ഉറപ്പാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ബിന്ദുകൃഷ്ണയും വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും നിയോഗിതരായത്.

 

എന്നാല്‍ പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കാന്‍ കെ.പി.സി.സി തയ്യാറാക്കിയ പട്ടികയില്‍ വനിതാ-ദളിത് പ്രാധിനിത്യം അവഗണിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ പത്മജ വേണുഗോപാലിന്റെയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റേയും പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമപട്ടികയില്‍ ഇരുവരും പരിഗണിക്കപ്പെട്ടിരുന്നില്ല.

 

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ വയനാട്ടില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിഗണിക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും വയനാട്ടില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം മതിയെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം.

 

രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച വനിതകളെയും ദളിത് വിഭാഗങ്ങളെയും ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും പരാതിയുണ്ട്.

 

ഡി.സി.സി അധ്യക്ഷ പട്ടികയില്‍ നിന്ന് വനിതാ-ദളിത് പ്രാധിനിത്യം ഒഴിവാക്കിയതില്‍ മുതിര്‍ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും അസംതൃപ്തനാണ്. രാഹുല്‍ ഗാന്ധിയോട് ഈ വിഷയം എ.കെ.ആന്റണിയും സംസാരിച്ചിട്ടുണ്ട്. കേരളത്തിലുള്ള രാഹുല്‍ ഗാന്ധി ഡി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വനിതാ-ദളിത് നേതാക്കളെ പരിഗണിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നാണ് അറിയുന്നത്.

 

 

 

 

 

 

OTHER SECTIONS