സഹകരണ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കം

By BINDU PP.24 Aug, 2017

imran-azhar 

തിരുവനന്തപുരം: സഹകരണ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കം. ഓണച്ചന്തകളുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പാളയം എല്‍എംഎസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാകും കണ്‍സ്യൂമര്‍ ഫെഡ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഈ ഓണവും ബക്രീദും കണ്‍സ്യൂമര്‍ഫെഡിനൊപ്പം എന്നതാണ് സഹകരണ വകുപ്പിന്റെ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.ഓണച്ചന്തകളില്‍ വന്‍ വിലക്കിഴിവിലാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പൊതു വിപണിയില്‍ കിലോയ്ക്ക് 41 രൂപ വിലയുള്ള ജയ അരി 25 രൂപയ്ക്കാണ് വിതരണം ചെയ്യുക. 44 രൂപ വിലയുള്ള കുത്തരി 24 രൂപയ്ക്കും, 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും വില്‍ക്കും. വെളിച്ചെണ്ണ 90 രൂപയ്ക്കായും ചന്തകളില്‍ ലഭ്യമാക്കുക എന്നും മന്ത്രി പറഞ്ഞു.പയര്‍, കടല, ഉഴുന്ന്, പരിപ്പ്, മുളക്, മല്ലി തുടങ്ങിയവയെല്ലാം വന്‍ വിലക്കിഴിവിലാകും ലഭ്യമാകുക. സബ്‌സിഡി ഇല്ലാത്ത ഇനങ്ങളായ ബിരിയാണി അരി, ശര്‍ക്കര, ആട്ട, മൈദ, കറിപ്പൊടികള്‍ തുടങ്ങിയ 10 ഓളം ഉല്‍പ്പന്നങ്ങളും വിലക്കിഴിവോടെ ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.