മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയത് അണുബാധയുള്ള പോളിയോ വാക്‌സിന്‍

By anju.02 10 2018

imran-azhar


ന്യൂഡല്‍ഹി: തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കുട്ടികള്‍ക്ക് നല്‍കിയത് അണുബാധയുള്ള പോളിയോ വാക്‌സിന്‍. ഇന്ത്യയില്‍നിന്ന് നീക്കം ചെയ്ത ടൈപ്പ്2 പോളിയോ വൈറസ് കുപ്പികളില്‍ കലര്‍ന്നിരുന്നതായി ആരോഗ്യ മന്ത്രാലയം
സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ബയോമെഡ്' (Biomed Pvt Ltd) മരുന്നു കമ്പനി തയ്യാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകള്‍ കണ്ടെത്തിയിരിക്കുന്നത്.

 


അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലും ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

അതേസമയം സംഭവത്തേക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പോളിയോ നല്‍കിയ കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കാണാനുണ്ടോ എന്നത് നിരീക്ഷിക്കാന്‍ പത്യേക സമിതിയെ നിയോഗിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.

 

ടൈപ്പ്2 പോളിയോ വൈറസ് കലര്‍ന്ന 50,000 മരുന്നുകുപ്പികള്‍ ഇതുവരെ കണ്ടെത്തിയതായും ഇനിയും ഒരു ലക്ഷം കുപ്പികളില്‍ വൈറസ് കലര്‍ന്നതായി സംശയിക്കുന്നതായും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

 

സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളില്‍ പോളിയോ വാക്‌സിന്‍ വിതരണം ചെയ്തുവരുന്ന കമ്പനിയാണ് ബയോമെഡ്. ബയോമെഡ് തയ്യാറാക്കിയ വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

OTHER SECTIONS