By online desk.14 11 2019
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. രാഹുല്‍ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഭാവിയില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖി രാഹുലിനെതിരായി കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. റഫാല്‍ കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.
പുനഃപരിശോധനാ ഹര്‍ജിക്കാര്‍ ഹാജരാക്കിയ 3 രഹസ്യരേഖകള്‍ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി നല്കിയ വിധിയില്‍ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന് മോദിയെക്കുറിച്ച് കോടതി പറഞ്ഞെന്നാണ് രാഹുല്‍ പറഞ്ഞത്. ഇതില്‍ രാഹുല്‍ ആദ്യം ഖേദപ്രകടനം നടത്തുകയും പിന്നീട് കോടതിയില്‍ മാപ്പ് പറയുകയുമായിരുന്നു.