ഇംപീച്ച്‌മെന്റ്; ട്രംപിന്റെ പേരില്‍ ഔദ്യോഗികമായി കുറ്റം ചുമത്തി ഹൗസ് ജുഡീഷ്യറി സമിതി

By mathew.12 12 2019

imran-azhar

 


വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നേരിടുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ ഔദ്യോഗികമായി കുറ്റം ചുമത്തി ഹൗസ് ജുഡീഷ്യറി സമിതി. അധികാര ദുരുപയോഗം, കോണ്‍ഗ്രസിന് തടസ്സമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സമിതി പ്രമേയം പാസാക്കിയത്.

 

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്ന ജോ ബൈഡനെതിരായി അന്വേഷണം നടത്താന്‍ യുക്രൈന് മേല്‍ സമ്മര്‍ദം ചെലുത്തിയതിലൂടെ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തുകയും കോണ്‍ഗ്രസിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കുകയും ചെയ്തതായി ചൊവ്വാഴ്ച പുറത്തുവിട്ട പ്രമേയത്തില്‍ കമ്മിറ്റി മേധാവി ജെറി നാഡ്‌ലെര്‍ വ്യക്തമാക്കി.

 

കണ്ടെത്തലില്‍ ജുഡീഷ്യല്‍ സമിതിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ചര്‍ച്ച നടക്കും. ഇതിന്മേലുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. വോട്ടെടുപ്പില്‍ പ്രമേയം പാസായാല്‍ അത് പിന്നീട് ജനപ്രതിനിധി സഭയില്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും വിടും. അടുത്തയാഴ്ചയോടെ വിഷയം പ്രതിനിധിസഭയുടെ പരിഗണനയിലെത്തുമെന്നാണ് കരുതുന്നത്.

 

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ട്രംപിനെതിരായുള്ള പ്രമേയം പാസാകാനാണ് സാധ്യത. പ്രതിനിധി സഭ പാസാക്കിയാല്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ സെനറ്റില്‍ വിചാരണ നടക്കും. ജനുവരിയിലാകും വിചാരണ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്‌മെന്റിനെ അനുകൂലിക്കാന്‍ സാധ്യതയില്ല.

OTHER SECTIONS