തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി

By Sooraj Surendran.15 03 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം സ്‌പെയിനിൽ നിന്നും തിരിച്ചെത്തിയ ആളാണ്. റേഡിയോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാർച്ച് ഒന്നിനാണ് ഇദ്ദേഹം സ്‌പെയിനിൽ നിന്നും നാട്ടിലെത്തിയത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

 

വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പരിശോധനയോട് യാത്രക്കാർ സഹകരിക്കുന്നുണ്ടെന്നും, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് വിധേയരായവർ ഫലം വരാതെ തിരിച്ചുപോകരുത്. വിദേശികളുടെ യാത്ര വിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം കൊറോണയെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കണമെന്നും, എന്നാൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS