ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 600 കടന്നു; ബുധനാഴ്ച മാത്രം 101 പോസിറ്റീവ് കേസുകൾ

By Sooraj Surendran.26 03 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 664 പേർക്കാണ് നിലവിൽ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 609 പേർ ഇപ്പോഴും ചികിത്സയിലാണ്. 43 പേർക്ക് രോഗം പൂർണമായും ഭേദമായി. ബുധനാഴ്ച മാത്രം ഇന്ത്യയിൽ 101 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ മഹാരാഷ്ട്രയിലും, കേരളത്തിലുമാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ 128 പേർക്കും, കേരളത്തിൽ 118 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ 114 പേരാണ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുള്ളത്. 4 പേർ അസുഖം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ 125 പേരാണ് ചികിത്സയിലുള്ളത്. ഒരാൾ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

 

കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്രസർക്കാർ രാജ്യത്തെ 100 കോടിയോളം വരുന്ന സാധാരണക്കാർക്കായി 1.5 ലക്ഷം കോടിയുടെ പദ്ധതി തയ്യാറാക്കുന്നതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുക, പ്രതിസന്ധിയിലായ വ്യവസായികളെ സഹായിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും സൂചനയുണ്ട്. അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക, വിലക്ക് ലംഘിച്ച് കടകമ്പോളങ്ങള്‍ തുറക്കുക, അനാവശ്യമായി പുറത്തിറങ്ങുക ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

OTHER SECTIONS