അനുമതിയില്ലാതെ റോഡ് കുഴിച്ചാൽ... കടുത്ത നടപടിയുമായി കോർപ്പറേഷൻ

By Sooraj Surendran .26 04 2019

imran-azhar

 

 

തിരുവനന്തപുരം: ഇനി മുതൽ കോർപ്പറേഷന്റെ അനുമതിയില്ലാതെ ജല അതോറിറ്റി പൈപ്പ് ലൈൻ കണക്ഷനായി റോഡ് കുഴിക്കാൻ പാടില്ല. കോർപ്പറേഷന്റെ തീരുമാനം ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മേയർ വി കെ പ്രശാന്ത് അറിയിച്ചു. തീരുമാനം കൗൺസിൽ യോഗത്തെ അദ്ദേഹം അറിയിച്ചു. റോഡ് മുറിക്കാനുള്ള അപേക്ഷ നൽകേണ്ടത് കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിനാണെന്നും ഈ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും വി കെ പ്രശാന്ത് പറഞ്ഞു. അതേസമയം റോഡ് മുറിക്കാൻ ചില കൗൺസിലർമാർ ജല അതോറിറ്റിക്ക് നേരിട്ട് അനുമതി നൽകുന്നുണ്ടെന്നും ഇത് തടയാൻ തീരുമാനമുണ്ടാകണമെന്നും കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ആവശ്യപ്പെട്ടു. അതേസമയം കോർപ്പറേഷന് അപേക്ഷ നൽകിയാൽ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതായി ബിജെപി കൗൺസിലർ ഗിരികുമാർ പറഞ്ഞു. അനുമതിക്ക് കാലതാമസം നേരിടുന്നതിനാൽ കുടിവെള്ള പൈപ്പ് ലൈൻ എടുക്കുന്നതിനുള്ള അപേക്ഷകളിൽ ഏഴ് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്നും മേയർ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി.

 

അതേസമയം മൂന്ന് വർഷത്തേക്ക് റസ്റ്റ് ഹൗസ് നടത്താനുള്ള കാലാവധി നീട്ടണമെന്ന ട്രസ്റ്റിന്റെ നിർദേശം കൗൺസിൽ ബിജെപിയും, കോൺഗ്രസും എതിർത്തു. ജോൺസൺ ജോസഫ്, ഗിരികുമാർ, അനിൽകുമാർ, തിരുമല അനിൽ തുടങ്ങിയവരാണ് ട്രസ്റ്റിന്റെ ആവശ്യം എതിർത്തത്.

OTHER SECTIONS