കെവിന്‍ വധക്കേസ്: അന്വേഷണ ഉദ്യാഗസ്ഥനേയും പ്രോസിക്യൂഷനേയും അഭിനന്ദിച്ച് കോടതി

By Neha C N.22 08 2019

imran-azhar

 



കോട്ടയം: കെവിന്റെ ദുരഭിമാനക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എസ്പി ഹരിശങ്കറിനും പ്രോസിക്യൂഷനും കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അഭിനന്ദനം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയില്‍ കേസ് പരിഗണിക്കവെയാണ് അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും കോടതി അഭിനന്ദിച്ചത്.

 


കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. അതേസമയം നീനുവിന്റെ അച്ഛന്‍ അടക്കം നാലു പ്രതികളെ കോടതി കുറ്റ വിമുക്തരാക്കി. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടി.

 


കെവിന്‍ വധക്കേസിലെ വിധി ഏറെ സന്തോഷമുള്ളതാണെന്ന് അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ ഒരുപാട് പ്രതികളുള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും വേഗത്തിലുള്ള വിചാരണയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ സഹായിച്ചതെന്നും ഹരിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

 


കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇരയും പ്രതികളും മാത്രമാണ് ഉണ്ടായിരുന്നത്, മറ്റ് സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് പഴുതുകള്‍ അടച്ചത്. ദുരഭിമാനക്കൊലയാണെന്ന് തരത്തില്‍ തന്നെയാണ് ആദ്യം മുതല്‍ കേസന്വേഷിച്ചതെന്നും ഹരിശങ്കര്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS