കോവിഡ്19: രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

By Online Desk .30 03 2020

imran-azhar


ന്യഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് 19 രോഗ ബാധ സാമൂഹ്യവ്യാപന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും നാലു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹ്യവ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ച സംഭവിച്ചാല്‍ കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗര്യവും ഒരുക്കി നല്‍കാനും മുഴുവന്‍ ശമ്പളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചികിത്സാ ഉപകരണങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

OTHER SECTIONS