വിമാനത്താവളങ്ങളില്‍ ഇന്‍ഫ്രാറെഡ് തെര്‍മ്മല്‍ ഇമേജിംഗ് ക്യാമറകള്‍ വരുന്നു

By എ.എസ്. അജയ്‌ദേവ് .29 04 2020

imran-azhar

 

 

തിരുവനന്തപുരം: പ്രവാസികള്‍ കൂട്ടമായി മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ചിത്രം പകര്‍ത്തി ശരീരോഷ്മാവ് അളക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മ്മല്‍ ഇമേജിംഗ് കാമറകള്‍ (ഐ.ടി.ഐ.സി) വിമാനത്താവളങ്ങളില്‍ സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുക. ഒരു സമയം 30 പേരുടെ വരെ ചിത്രങ്ങള്‍ ഒന്നിച്ച് പകര്‍ത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഊഷ്മാവടക്കം കൃത്യമായി ലഭ്യമാക്കുന്ന കാമറയാണിത്. 15 അടി ദൂരത്തു നിന്നുവരെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാമറയ്ക്ക് ശേഷിയുണ്ട്. തെര്‍മ്മല്‍ സ്‌കാനറുകളെക്കാള്‍ കൃത്യതയോടെ ഊഷ്മാവ് തിട്ടപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും സാധാരണ നിലയെക്കാള്‍ ഊഷ്മാവുണ്ടായാല്‍ ഐ.ടി.ഐ.സി ബീപ് ശബ്ദം മുഴക്കും. എട്ടു മുതല്‍ 10 ലക്ഷം വരെയാണ് ഒരു കാമറയുടെ വില. ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രമേ നിലവില്‍ ഈ സംവിധാനമുള്ളൂ.


വിമാനത്താവള അതോറിറ്റിയുടെ സഹായത്തോടെ സംവിധാനം ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തെര്‍മ്മല്‍ ഇമേജിംഗ് കാമറ വാങ്ങി സ്ഥാപിക്കേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റിയാണ്. രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിവരും. ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലാണ് കാമറ പ്രവര്‍ത്തിക്കുന്നത്. കാമറ സ്ഥാപിച്ചാല്‍ തെര്‍മ്മല്‍ സ്‌കാനറുകളുമായി സ്‌ക്രീനിംഗ് ജോലിക്ക് നിയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കാനാകും. മടങ്ങിയെത്തുന്ന ഒരോ 500 പേര്‍ക്കും ഡോക്ടറും നഴ്‌സുമാരും ആരോഗ്യ വോളന്റിയര്‍മാരുമടങ്ങുന്ന പത്തംഗ സംഘത്തെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷിയും പുതിയ സ്‌ക്രീനിംഗ് സംവിധാനവും ഏര്‍പ്പെടുത്തുന്നതിലൂടെ സമാഹരിക്കാനാകും.

 

OTHER SECTIONS