സമൂഹ വ്യാപനം നേരിടാൻ ക്ലസ്റ്റർ സംവിധാനം നടപ്പിലാക്കും

By Web Desk.11 07 2020

imran-azhar

 

 

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ദിവസേന ഉയരുന്ന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ സംവിധാനം നടപ്പിലാക്കി പ്രതിരോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം നഗരത്തില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകളില്‍ സമൂഹവ്യാപന ഭീഷണി ഏറെയാണ്. ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്‌ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ളത് രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരത്തെ മൂന്ന് വാര്‍ഡുകളിലും. ഈ രണ്ട് വാര്‍ഡുകളിലും ശാസ്ത്രീയമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേസുകളും അവയുടെ കോണ്‍ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് മനസിലാക്കി കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നു.

 

ഈ ഭാഗങ്ങളില്‍ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ അവിടേക്കുള്ള വരവും പുറത്തേക്കുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.കണ്ടയ്ന്‍മെന്റ് സോണുകള്‍ക്കകത്ത് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് മനസിലാക്കാനുള്ള വിശദ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് വ്യാപകമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോയെന്ന് കണ്ടെത്തും. അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്‍ടാക്ട് ട്രെയ്‌സിങ്ങാണ് അടുത്ത ഘട്ടം. ഇതിനായി സന്നദ്ധ വോളന്റിയര്‍മാരെയും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS