ഇനി എന്ന് പാലിക്കും? നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില, മാസ്‌ക് ധരിക്കാതെ ഇന്നലെ പുറത്തിറങ്ങിയത് 297 പേര്‍

By online desk.30 06 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ആശങ്കയ്‌ക്കൊപ്പം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി വിലക്ക് ലംഘനങ്ങളും വര്‍ദ്ധിക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം മാസ്‌ക് ധരിക്കാതെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. സമ്പര്‍ക്കത്തിലൂടെയും മറ്റും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും വിലക്ക് ലംഘനം ജനങ്ങള്‍ തുടരുകയാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 297 പേര്‍ക്കെതിരെയാണ് ഇന്നലെ പൊലീസ് കേസെടുത്തത്. ഇതിന് കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിലക്ക് ലംഘനം നടത്തിയ 107 പേര്‍ക്കെതിരെയും യാത്ര ചെയ്ത 13 വാഹനങ്ങള്‍ക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. വിലക്ക് ലംഘനം കൂടുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രികാല പരിശോധനയും പൊലീസ് ശക്തമാക്കി. രാത്രി 9 മണി മുതല്‍ 5 മണി വരെയാണ് പൊലീസ് കര്‍ശന പരിശോന നടത്തുന്നത്. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

 

കഴിഞ്ഞ ദിവസം രാത്രി തലസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ അനാവശ്യ യാത്ര നടത്തിയ 15 വാഹനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന കര്‍ക്കശമായി തുടരുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സാമൂഹികഅകലം പാലിക്കാതെയും മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങളും ലംഘിച്ചു രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേസെടുത്തിട്ടുള്ള 13 കടകള്‍ പൂട്ടിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലുള്ള കടകളും ഹോട്ടലുകളും, തട്ടുകടകളും ഉള്‍പ്പെടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 67 കടകള്‍ക്കെതിരെയാണ് പൂട്ടിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നല്‍കിയത്. തലസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, കാലടി, ചിറമുക്ക്, ഐരാണിമുട്ടം, വളളക്കടവ് പുത്തന്‍പാലം, കരിയ്ക്കകം, കടകംപളളി, തൃക്കണ്ണാപുരം ടാഗോര്‍ നഗര്‍ എന്നീ സ്ഥലങ്ങളിലേയ്ക്ക് കടന്നു വരുന്ന റോഡുകള്‍ പൂര്‍ണ്ണമായും അടച്ചു കൊണ്ടുളള കര്‍ശനപരിശോധനയും നിരീക്ഷണവും പൊലീസ് തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ശക്തമായ പട്രോളിംഗും, ജനങ്ങള്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവും പൊലീസ് നടത്തുന്നുണ്ട്.


സ്റ്റിക്കര്‍ പതിക്കാത്ത കടകള്‍ക്കെതിരെ നാളെ മുതല്‍ നടപടി

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കാണത്തക്ക തരത്തില്‍ പതിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. സ്റ്റിക്കര്‍ പതിക്കാത്ത കടകള്‍ക്കെതിരെ നാളെ മുതല്‍ നടപടി സ്വീകരിക്കും. രോഗ വ്യാപനം തടയുന്നതിനായി കടകളിലും, ഷോപ്പിംഗ് മാളുകളിലും, മറ്റു വ്യാപാര സ്ഥാപനങ്ങളിലും പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ള ജീവനക്കാരും ഉപഭോക്താക്കളും പ്രവേശിക്കരുത്. അത്തരം ലക്ഷണം ഉളളവര്‍ ദിശയുമായി (1056) ബന്ധപ്പെടേണ്ടതാണ്. ഉപഭോക്താക്കളെ കുറഞ്ഞത് ഒരു മീറ്റര്‍ ഇടവിട്ട് ക്യൂ ആയി നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ നിര്‍ത്തേണ്ടതും ഒഴിവനുസരിച്ച് സ്ഥാപനത്തില്‍ കയറ്റി വിടേണ്ടതുമാണ്. സ്ഥാപനത്തില്‍ പ്രവേശിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും പ്രവേശിക്കുന്നതിനു മുമ്പും പുറത്തു പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതുമാണ്. സ്ഥാപനത്തിന്റെ സ്ഥലസൗകര്യമനുസരിച്ച് ഉപഭോക്താക്കളുടെ എണ്ണം ക്രമീകരിക്കേണ്ടതാണ്. മാസ്‌ക് ശരിയായ രീതിയില്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഒരവസരത്തിലും മുന്നോട്ടോ, പിന്നോട്ടോ വലിച്ചിടാന്‍ പാടുള്ളതല്ല. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലും പ്രായമുളളവരെയും അനാരോഗ്യമുള്ളവരെയും സ്ഥാപനത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്. സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കേണ്ടതാണ്. ഉപഭോക്താവും ജീവനക്കാരും തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് ക്യാഷ് കൗണ്ടറിലും മറ്റും ഗ്ലാസ്, ഫൈബര്‍ മറകള്‍ ഉപയോഗിക്കേണ്ടതാണ്.

 

------------------------------------------------------------------

 

നെറ്റിൽ അശ്ലീല വീഡിയോ തേടുന്നവർ ജാഗ്രത , എല്ലാം സൈബർ ഡോം അറിയുന്നുണ്ട്

 

 

OTHER SECTIONS