By Avani Chandra.17 01 2022
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 2.58 ലക്ഷം കോവിഡ് കേസുകള്‍. മുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് 5 ശതമാനം കുറവാണിത്. 385 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
3.73 കോടിയാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം. രാജ്യത്ത് ആകെ 8,209 ആണ് ഒമിക്രോണ്‍ ബാധിതരും ഉണ്ട്. നിലവില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വിമുക്തി നിരക്ക് 94.27 ആയി കുറഞ്ഞു. ഡെയ്ലി പോസിറ്റിവിറ്റി നിരക്ക് 16.28% ല്‍ നിന്ന് 19.65% ആയി വര്‍ധിച്ചു. 14.41 ആണ് വീക്ക്ലി പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 41,327 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 8 പുതിയ ഒമിക്രോണ്‍ രോഗികളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,738 ആയി. 18,286 ആണ് ഡല്‍ഹിയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തില്‍ നിന്ന് 27.87 ശതമാനമായി കുറഞ്ഞു. ഐ.സി.എം.ആര് നിര്‍ദേശിച്ചതിന്റെ മൂന്നിരട്ടി കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങളില്ലാത്തവര്‍ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം. അതുപോലെ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരോ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരോ അല്ലെങ്കില്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല. രാജ്യത്താകമാനം 1,47,492 കുട്ടികള്‍ക്ക് കോവിഡ് മൂലം അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരത്തില്‍ അനാഥരായ ഭൂരിപക്ഷം കുട്ടികളും 8 മുതല്‍ 13 വയസ്സ് പ്രായമുള്ളവരാണെന്നും ഈ പഠനത്തില്‍ പറയുന്നു.