ജില്ലയിൽ കോവിഡ് പ്രതിരോധം കൂടുതൽ ഉർജിതമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By online desk .22 09 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി തുടങ്ങി. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കണ്ടെത്തും. കോവിഡ് പരിശോധന കഴിയാവുന്നത്ര വർധിപ്പിക്കാനും സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

 

ജില്ലയിൽ 24 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണു നിലവിൽ പ്രവർത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ ഉൾക്കൊള്ളാവുന്ന ശേഷിയുള്ളവയാണ്. രോഗവ്യാപനം കൂടുന്നതോടെ കൂടുതൽ പേരെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു മാറ്റേണ്ടിവരുമെന്നതു മുന്നിൽക്കണ്ടാണ് മൂന്നുറോളം പേരെ ഉൾക്കൊള്ളാവുന്ന സിഎഫ്എൽടിസികൾ കണ്ടെത്തുന്നതിനു മന്ത്രി നിർദേശം നൽകിയത്.

 

രോഗവ്യാപനം വർധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ മുൻകരുതലും ജാഗ്രതയും പാലിക്കണമെന്നു മന്ത്രി അഭ്യർഥിച്ചു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ജാഗ്രത പാലിക്കുന്നതിൽ പിന്നാക്കംപോകുന്ന സാഹചര്യമുണ്ട്. ഇതു സ്ഥിതി ഗുരുതരമാക്കും.ജില്ലയിൽ ആയിരത്തിനടുത്തു രോഗികൾ പ്രതിദിനം ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെങ്കിലും കാര്യങ്ങൾ പൂർണമായും നിയന്ത്രണവിധേയമാണ്. ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉണ്ട്. കോവിഡ് ബ്രിഗേഡിൽ ഡോക്ടർമാർ കൂടുതലായി പങ്കെടുക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS