അടുത്ത വര്‍ഷം കോവിഡ് ഇന്ത്യയില്‍ പിടിമുറുക്കും, പ്രതിദിനം 2.87 ലക്ഷം രോഗികളുണ്ടാകുമെന്ന് പഠനം

By online desk .09 07 2020

imran-azhar

 

 

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെ, ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി. കോവിഡിന്, വാക്സിന്‍ ഉള്‍പ്പെടെയുള്ള ഫലപ്രദമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ 2021 ന്റെ തുടക്കത്തോടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് എംഐടിയുടെ മുന്നറിയിപ്പ്. ഫെബ്രുവരിയോടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകുമെന്നാണ് എംഐടി പറയുന്നത്.

 

മാര്‍ച്ച്-മേയ് മാസത്തോടെ ലോകത്താകമാനം 20 മുതല്‍ 60 കോടി വരെ കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. അമേരിക്ക, സൗത്ത് ആഫ്രിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യമായി മാറും ഇന്ത്യ എന്നാണ് ഗവേഷകരുടെ നിഗമനം.

 

കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന രാജ്യങ്ങളിലാവും രോഗം മാരകമായി ആക്രമിക്കുക. ഭാവിയില്‍ കോവിഡ് പരിശോധനയെക്കാള്‍, രോഗവ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളിലാണ് ജനങ്ങളും സര്‍ക്കാരുകളും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കോവിഡ് ഡേറ്റയാണ് എംഐടി പഠനവിധേയമാക്കിയത്. ഏതാണ്ട് ലോക ജനസംഖ്യയുടെ 60 ശതമാനത്തിന്റെ ഡേറ്റയാണിത്. നേരത്തെ, 2021 ജൂണോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 8.24 ദശലക്ഷവും മരണനിരക്ക് 4,54,610 ആയി വര്‍ദ്ധിക്കുമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയും വെളിപ്പെടുത്തിയിരുന്നു.

 

----------------------------------------------------------------------------

 

2021 ഫെബ്രുവരിയോടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം കേസുകള്‍ 

 

 

OTHER SECTIONS