വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതി; രണ്ടാംഘട്ട വാക്‌സിനേഷന് തടസം

By bv arun kumar.26 02 2021

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം.

 

ആദ്യഘട്ട വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങളാണ് കൃത്യമായി രേഖപ്പെടുത്താത്തത്. പലരും ഇതറിയുന്നത് 28 ദിവസം കഴിഞ്ഞ് രണ്ടാംഘട്ട വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തുമ്പോഴാണ്.

 

ആദ്യഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ പലര്‍ക്കും ഔദ്യോഗികമായി ഒരു മെസേജുകളും ലഭിച്ചിട്ടില്ല. രണ്ടാംഘട്ട വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തുമ്പോള്‍ നിങ്ങള്‍ ആദ്യ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കിട്ടുന്ന മറുപടി.

 

സ്വകാര്യ ആശുപത്രികളിലാണ് ഗുരുതര വീഴ്ച വന്നിരിക്കുന്നത്. സാധാരണ വാക്‌സിനേഷന്‍ നല്‍കിയ ആളുടെ പേരുവിവരങ്ങള്‍ അന്നുതന്നെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

 

പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍കോളേജില്‍ 120 ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ജനുവരി 25ന് ആദ്യഘട്ട വാക്‌സിനേഷന്‍ എടുത്തിരുന്നു.

 

ഈ വിവരം ആശുപത്രി അധികൃതര്‍ യഥാസമയം കോ-വിന്‍ എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നില്ല.

 

ആദ്യ ഡോസ് എടുത്തയുടന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി അവരവരുടെ മൊബൈല്‍ നമ്പരുകളിലേക്ക് മെസേജ് വരാറാണ് പതിവ്.

 

ഇതൊന്നും ലഭിക്കാതായതോടെ വാക്‌സിനേഷന്‍ എടുത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി അധികൃതരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല.

 

സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയതെങ്കിലും ഇതിന്റെയെല്ലാം നിരീക്ഷണച്ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്.

 

എന്നാല്‍ ഈ ആശുപത്രിയിലേക്ക് ജനുവരി 25ന് 120 പേര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായാണ് ഡിഎംഒയുടെ ഓഫീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഡോക്ടര്‍മാര്‍ ഡിഎംഒയെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് അബദ്ധം മനസിലായത്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തിയപ്പോള്‍ 120 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് എടുത്തതതായുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന അറിയിപ്പാണ് ലഭിച്ചത്.

 

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സ്വകാര്യ മെഡിക്കല്‍കോളേജ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കണ്ടെത്തി.

 

ഇതോതെ ഈ ബാച്ചിന് രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ ഡിഎംഒ നിര്‍ദ്ദേശിക്കുകയായിരുന്നു.

 

ആരോഗ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി ഈ വിഷയത്തില്‍ പതിയണമെന്നും തങ്ങള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

 

OTHER SECTIONS