കോവിഡ് വാക്‌സിൻ; ആദ്യ കയറ്റുമതി ബ്രസീലേക്കും മൊറോക്കോയിലേക്കും

By Meghina.22 01 2021

imran-azhar

 

 കോവിഡ് വാക്സീൻ  വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

 

ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ കൺസൈൻമെന്റുകൾ വെള്ളിയാഴ്ച അയയ്ക്കും, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ലയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

 


യുകെ മരുന്നു നിർമാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീനാണ് കയറ്റി അയയ്ക്കുന്നത്. പല രാജ്യങ്ങളിൽനിന്നു കോവിഷീൽഡ് വാക്സീന് ഓർഡർ ലഭിച്ചിരുന്നു.

 

എന്നാൽ ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിട്ടുമതി കയറ്റിയയ്ക്കാൻ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

 

ജനുവരി 16ന് ഇന്ത്യയിൽ വാക്സീൻ വിതരണം ആരംഭിച്ചിരുന്നു.

 

കോവിഷീൽഡ് വാക്സീൻ കയറ്റി അയയ്ക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

 

സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറിൽ ബ്രസീൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനായി കഴിഞ്ഞയാഴ്ച ബ്രസീൽ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയച്ചിരുന്നു.


അയൽ രാജ്യങ്ങളായ ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീൽഡ് സൗജന്യമായി നൽകിയിരുന്നു.

 

എന്നാൽ ഇനിയുള്ള വാക്സീൻ ഡോസുകൾ ഈ രാജ്യങ്ങൾ വില കൊടുത്തു വാങ്ങേണ്ടിവരും.

ബ്രസീലിനും മൊറോക്കോയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കൺസൈൻമെന്റുകളാകും ഇനി അടുത്തതായി കയറ്റി അയയ്ക്കുക.

OTHER SECTIONS