കോവിഡ് മാറ്റി മറിക്കുന്ന ലോക ക്രമം

By ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍.04 07 2020

imran-azhar

 

 

മഹാമാരിയായ നവ കോവിഡ്-19 ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ഭാരതത്തിലും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ് . ഭാരതത്തില്‍, കേരളത്തിലാണല്ലോ ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. നാമെല്ലാം ലോക്ക്ഡൗണിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് ഭാഗികമായി പൂട്ടുതുറന്നിരിക്കുകയാണ്.

 

രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ താല്‍ക്കാലിക ലോകസമാധാനത്തെ അപ്പാടെ അട്ടിമറിച്ചിരിക്കുകയാണ് കൊറോണ വൈറസ് എന്ന അണു. കഴിഞ്ഞ നൂറ്റാണ്ട് ,ഇരുപതാം നൂറ്റാണ്ട് യൗവ്വനത്തിലേക്ക് കടന്നതും യുദ്ധചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഒരു മഹായുദ്ധമുണ്ടായി , ഒന്നാം ലോകമഹായുദ്ധം. രണ്ടു പതിറ്റാണ്ടുകള്‍ക്കകം വീണ്ടുമൊരു മഹായുദ്ധം സംഭവിച്ചു , രണ്ടാം ലോകമഹായുദ്ധം. അന്നു ജീവിച്ചിരുന്ന മുഷ്യരാശിയെ സാരമായി ബാധിച്ചു ,ഈ രണ്ടു മഹായുദ്ധങ്ങളും. മനുഷ്യവര്‍ഗ്ഗങ്ങള്‍ വിവിധ കാരണങ്ങളാല്‍ കാലാകാലങ്ങളില്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞപ്പോള്‍ ,കഴിഞ്ഞ 30,000 വര്‍ഷങ്ങളില്‍ ,ബുദ്ധിയുടെയും സംഘടനാശക്തിയുടേയും പിന്‍ബലത്തില്‍ ലോകരാജാക്കന്‍മാരായി മാറുകയായിരുന്നു ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യവര്‍ഗ്ഗം. എന്നാല്‍ 29800 വര്‍ഷങ്ങളില്‍ നേടാനാകാത്ത വളര്‍ച്ച കഴിഞ്ഞ 200 വര്‍ഷങ്ങളില്‍ നമ്മള്‍ നേടി.

 

ആധുനിക മനുഷ്യരുടെ എല്ലാ മേഖലകളിലുമുള്ള വികസനത്തിന്റെ കുതിച്ചു ചാട്ടം കണ്ട കഴിഞ്ഞ നൂറ്റാണ്ടില്‍ യുദ്ധങ്ങളിലും അതു തന്നെ പ്രതിഫലിച്ചു. രാജ്യങ്ങള്‍ തമ്മിലുളള സാധാരണയുദ്ധങ്ങളില്‍ നിന്ന് വിഭിന്നമായി ,മനുഷ്യന്‍ മഹായുദ്ധങ്ങള്‍ ശീലമാക്കി. ജീവനില്ലാത്ത അണു ആണവായുധമായി ലോകയുദ്ധ വേദിയില്‍ പെയ്തിറങ്ങുന്ന കാഴ്ച മനുഷ്യരാശി ഉള്‍ക്കിടിലത്തോടെയാണ് കണ്ടു നിന്നത് .രണ്ടാം ലോകയുദ്ധത്തോടെ ജീവനില്ലാത്ത അണു മനുഷ്യന്റെ പരമപ്രധാനമായ ആയുധമായി മാറി. അതിനാല്‍ ഇനിയുമൊരു ലോകയുദ്ധം, മുന്‍കാലങ്ങളില്‍ വിവിധ പ്രതിഭാസങ്ങള്‍ കൊണ്ട് ഈ നീലഗോളം അടക്കിവാണ ജീവികള്‍ക്ക് സംഭവിച്ചതുപോലെ അഭിനവ ലോകനാഥന്‍മാരായ ഹോമോസാപിയന്‍സിന്റേയും വംശനാശത്തിലായിരിക്കും അവസാനിക്കുക എന്ന വിവേകമാണ്, 1945നു ശേഷമുള്ള 75 വര്‍ഷങ്ങള്‍ നമ്മുടെ ലോകത്തിലുളവായ സമാധാനത്തിന്റെ ഹേതു. ആധുനിക യുഗത്തിന്റെ ശാപമായ ജീവനില്ലാത്ത അണുക്കള്‍ അങ്ങനെ അനുഗ്രഹമായി മാറി. ഇനിയുമൊരു ലോക യുദ്ധം താങ്ങാനുള്ള ശേഷി മനുഷ്യരാശിക്കില്ല എന്ന തിരിച്ചറിവിലാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലം മഹായുദ്ധങ്ങളില്‍ നിന്ന് മനുഷ്യന്‍ മാറി നിന്നത് . ഈ ഇടവേളയില്‍ യുദ്ധങ്ങള്‍ ഉണ്ടായില്ല എന്നല്ല . മഹായുദ്ധ കാലത്തില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വര്‍ഷവും ലോകത്ത് മരിക്കുന്നവരുടെ ആകെ സംഖ്യ എടുക്കുമ്പോള്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് യുദ്ധം മൂലമുണ്ടാകുന്ന ജീവഹാനി .

 

ഇരുപത്തി ഒന്നാം നൂറ്റാണ്ട് യൗവ്വനത്തിലേക്ക് കുതിക്കുന്ന ഈ വേളയില്‍ ,ചൈനയിലെ വുഹാനില്‍ ഇറച്ചി കമ്പോളത്തില്‍ നിന്നും പറന്നുയര്‍ന്ന നവ കൊറോണ വൈറസ് നമ്മുടെ നീലഗോളത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ഘടിപ്പിക്കുന്ന സിരകളിലുടെ സഞ്ചരിച്ച് വന്‍ സാമ്പത്തിക ശക്തികളെ തകിടം മറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ അണുവിന്റെ സംഘടിത പ്രഹര ശേഷിയെ പ്രതിരോധിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് ആധുനിക ലോക ശക്തികള്‍. ഒരു പുതിയ ലോകക്രമമാണ് കൊറോണ എന്ന ജീവനുള്ള അണു പ്രദാനം ചെയ്യുന്നത്. എന്തു തന്നെയായാലും കോവിഡ് - 19 നു ശേഷമുള്ള ലോകം ശരിക്കും വ്യത്യസ്തമായിരിക്കും. ഇപ്പോഴത്തെ അവസ്ഥ തന്നെ എടുക്കാം. പ്ലേഗുപോലയോ ,സ്പാനിഷ് ഫ്‌ളൂ പോലയോ ഉള്ള മഹാമാരി ഭൂമിയില്‍ ഇനി സംഭവിക്കില്ല എന്ന നവലോക ചിന്തകരുടെ വീമ്പിളക്കുകളെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ് കൊറോണ വൈറസ് . നമ്മളെ വീട്ടുതടങ്കലിലാക്കി ഈ സൂഷ്മ ജീവി. ചരിത്രത്തിലെ മഹാമാരികളില്‍ നിന്നും വ്യത്യസ്തമായി ജീവനാശം കുറയ്ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ശാസ്ത്രത്തിനു എടുത്തു പറയത്തക്ക നേട്ടം.


മനുഷ്യരാശി ആകമാനം ഒരു യുദ്ധമുന്നണിയിലാണ് എന്ന് എല്ലാ രാഷ്ട്രത്തലവന്‍മാരും ആവര്‍ത്തിക്കുന്നു. അതെ കോവിഡ് - 19 നു എതിരായ യുദ്ധം .ഏതൊരു യുദ്ധത്തിന്റേയും വിജയം നിര്‍ണ്ണയിക്കുന്നത് സൈനികരുടെ എണ്ണവും ആയുധങ്ങളുടെ ധാരാളിത്തത്തിനുപരി തന്ത്രവും ബുദ്ധിയുമാണ്. . ഇപ്പോള്‍ ലോക രാഷ്ട്രത്തലവന്‍മാരെല്ലാം ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നു നമ്മള്‍ ഒരദൃശ്യ ശക്തിയുമായി യുദ്ധത്തിലാണെന്ന്. പൊതുശത്രുവിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ പൂട്ടിയിടല്‍ നടപ്പാക്കി. അപ്പോള്‍ നമ്മള്‍ ശത്രു ഭയത്താല്‍ ഒളിച്ചിരിക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നു. യുദ്ധ തന്ത്രമാണത് ,തന്ത്രപരമായ പിന്‍മാറ്റം ,ടാക്ടിക്കല്‍ റിട്രീറ്റ് അതാണ് എല്ലാ രാജ്യങ്ങളും പൂട്ടിയിടലിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. ശത്രുവിന്റെ പ്രഹര ശേഷിയെക്കുറിച്ച് ധാരണയില്ലാത്തപ്പോഴാണ് യുദ്ധത്തില്‍ ഈ തന്ത്രം പ്രയോഗിക്കന്നത്. ഇവിടെ വ്യാപനം തടയുകയായിരുന്നു ലക്ഷ്യം.

 

മുന്‍കാല മഹാമാരികളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗാണുവിന്റെ ,പുതിയ ശത്രുവിന്റെ ശേഷിയും ബലഹീനതയുമെല്ലാം നമുക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതു കൊണ്ടാണ് രാഷ്ട്രത്തലവന്‍മാര്‍ സധൈര്യം അവകാശപ്പെടുന്നത് നമ്മള്‍ ഈ യുദ്ധം ഒരുപാട് ജീവഹാനിയില്ലാതെ ജയിക്കുമെന്ന്. പക്ഷെ ഒരു ചോദ്യം നിലനില്‍ക്കുന്നു. ശാസ്ത്രം മരണത്തെ പോലും തോല്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന ഈ കാലത്ത് ഇത്തരമൊരാക്രമണം മുന്‍കൂട്ടി കാണാന്‍ കഴിയാത്തതെന്ത് എന്നുള്ള ചോദ്യം. ശാസ്ത്രലോകത്തിന്റെ അമിത ആത്മവിശ്വാസവും അലംഭാവവും തന്നെയാണിതിനു കാരണം.


ശ്വാസകോശത്തില്‍ മാരകവും ത്വരിതഗതിയിലുള്ളതുമായ രോഗങ്ങള്‍ പരത്തുന്ന അണു (സാര്‍സ് വൈറസ്) വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നമ്മെ ആക്രമിക്കുന്നുണ്ട്. അത് രൂപഭാവാദികള്‍ മാറി വര്‍ദ്ധിത വീര്യത്തോടെ ആഞ്ഞടിക്കുമെന്നുള്ള കാര്യം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് ശാസ്ത്രലോകത്തിന്റെ ന്യൂനത തന്നെയാണ്. ഇവിടെ നമ്മുടെ പ്രധാന ആയുധം വെന്റിലേറ്റര്‍ എന്നറിയപ്പെടുന്ന കൃതൃമ ശ്വാസ്വോച്ഛാസ ഉപകരണമാണ്. എല്ലാ രാജ്യങ്ങളും ത്വരിതഗതിയില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉണ്ടാക്കുകയാണ്. . മനുഷ്യരാശിയുടെ അതിജീവനശക്തി അപാരമാണ്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയുംസൈബോര്‍ഗിന്റെയും ചൊവ്വാ പര്യവേഷണത്തത്തിന്റെയും രണത്തെ വെല്ലുന്നതിന്റെയും ഒക്കെ പുറകേ പോയ മനുഷ്യരാശി അടിസ്ഥാന പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ മറന്നുപോയി. പ്രകൃതിയുടെ സംരക്ഷണം ,സംതുലനം എന്നിവ നമ്മുടെ അജണ്ടയില്‍ ഇല്ലാതായി. അതിനൊക്കെ കൊടുക്കേണ്ടി വന്ന വിലയാണ് ഇപ്പോത്തെ ഈ അവസ്ഥ. മാനവകുലത്തിന്റെ സഹജ സ്വഭാവമായി വാഴ്ത്തപ്പെടുന്നതാണല്ലോ മനുഷ്യത്വം എന്ന ഗുണം . മുതലാളിത്തവും ,അതിനെ താങ്ങി നിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ശാസ്ത്രവും അരങ്ങുവാഴുന്ന ഇക്കാലത്ത് 'മനുഷ്യത്വം വളരുന്ന അത്ഭുതകരമായ കാഴ്ചയാണ് ലോകവേദിയില്‍ കാണാന്‍ കഴിയുന്നത്. കോവിഡ് - 19 അനന്തര കാലത്ത് രണ്ട് വിരുദ്ധ ശക്തികളാണ് മുഖാമുഖം വരുന്നത്, മുതലാളിത്തവുംമനുഷ്യത്വവും .വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് തത്വങ്ങള്‍. മനുഷ്യന്റെ സഹജഭാവവും ആര്‍ജിച്ച സ്വാഭാവവും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ ഏതാണ് നിലനില്‍ക്കുന്നത് എന്നും ഏതാണ് വിജയിക്കുന്നത് എന്നുമുള്ളത് അപ്രവചനീയമാണ് .അത് കാലം തെളിയിക്കട്ടെ .

 

ഗവണ്‍മെന്റിന്റെ സഹായത്തോടെയും പരസ്പര സഹകരണത്തോടെയും ആര്‍ജിക്കുന്ന സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതത്തില്‍ കോവിഡ് 19 അനന്തര പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കൂ. രാഷ്ട്രപിതാവായ മഹാത്മജിയുടെ ഗ്രാമ സ്വരാജ് എന്ന ആശയം നമ്മുടെ ലക്ഷ്യമായി മാറണം .ഗ്രാമങ്ങളെ ശാക്തീകരിക്കുമ്പോള്‍ നമ്മള്‍ വീണ്ടും സാമൂഹ്യ ജീവിയായി മാറും, എല്ലാ അര്‍ത്ഥത്തിലും . സ്വയം പ്രതിരോധം അനിവാര്യമായിരിക്കുന്നു. ഈ ജീവനുള്ള അണു നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തി ,പുതിയ ശീലങ്ങള്‍ പലതും പഠിപ്പിച്ചു .ലോകത്തിനു ഒരു പുതിയ ക്രമമുണ്ടാക്കി.


ആലിംഗനവും കൈ കുലുക്കും ആചാരമാക്കിയവര്‍ അകന്നു നിന്നു അഭിവാദ്യമര്‍പ്പിക്കുന്നത് ശീലമാക്കുന്നു. ആഹാരത്തിനു മുന്‍പും പിന്‍പും പോലും കൈകഴുകാതിരുന്നവര്‍ ദിവസേന നിരവധി തവണ സോപ്പുപയോഗിച്ച് കൈ കഴുകുന്നു. നമ്മുടെ നാട്ടില്‍ ഒരു കാലത്ത് ആചരിച്ചിരുന്ന അനാചാരമായ സാമൂഹിക അകലം പാലിക്കല്‍ ജാതി മത വ്യത്യാസമില്ലാതെ ഇപ്പോള്‍ ആചരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരും ,മാദ്ധ്യമ ക്യാമറ കണ്ണുകളെ ഒളിക്കാന്‍ കുറ്റവാളികളും ,ഭീകരരുംകള്ളന്‍മാരും ഉപയോഗിച്ചിരുന്ന മുഖാവരണം മാലോകരെല്ലാം ധരിക്കുന്നു .ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും നാം മാറുകയാണ്.

 

 

 

OTHER SECTIONS